സംരക്ഷണ ഭിത്തി തകർന്നു; വീടിനു ഭീഷണിയായി വൈദ്യുത തൂൺ

Mail This Article
പത്തനംതിട്ട∙ സംരക്ഷണഭിത്തി തകർന്ന് വൈദ്യുത തൂൺ അപകടത്തിലായ നിലയിൽ. കണ്ണങ്കര – വലഞ്ചുഴി റോഡിൽ കൊരട്ടിമുക്ക് പ്രദേശത്ത് പാലമൂട്ടിൽമേലേതിൽ ടി.എസ്.മാഹിന്റെ വീടിനു സമീപത്തെ സംരക്ഷണഭിത്തിയാണ് തകർന്ന് റോഡിനു താഴെയുള്ള വീട്ടുമുറ്റത്തേക്കു പതിച്ചത്. അതോടെ ഈ ഭാഗത്തുള്ള വൈദ്യുത തൂൺ ഏതു നിമിഷവും ഈ വീടിനു മുകളിലേക്കു പതിക്കാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ റോഡിന്റെ വശം ഇടിഞ്ഞത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡാണ് ഇത്. ചെറിയ വളവും ഇറക്കവും ഉള്ള റോഡിൽ രാത്രി കടന്നു പോകുന്ന വാഹനങ്ങൾ താഴേക്കു പതിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
നഗരസഭാംഗം എ.സുരേഷ് കുമാർ പൊതുമരാമത്ത് വകുപ്പിലും വൈദ്യുതി വകുപ്പിലും വിവരം അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് എൻജിനീയർ മുരുകേഷിന്റെ നേതൃത്വത്തിൽ ഉദോഗസ്ഥർ സ്ഥലത്തെത്തി. റോഡിന്റെ വശം കെട്ടുന്നതിനായി അടുത്തു തന്നെ നടപടി സ്വീകരിക്കാമെന്ന് അവർ പറഞ്ഞതായി വാർഡംഗം പറഞ്ഞു.