നദികളിൽ ജലനിരപ്പ് ഉയർന്നു; ജാഗ്രതാ നിർദേശം

Mail This Article
റാന്നി ∙ കനത്ത മഴയിൽ നദികളിൽ ജലനിരപ്പുയർന്നു. പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വകളിൽ വെള്ളം കയറി. അരയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു. പുതമൺ താൽക്കാലിക റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലും ജലവിതാനം ഉയർന്നത്. കുരുമ്പൻമൂഴി അടുക്കളപ്പാറ കടവിലെ കോസ്‌വേ പുറമേ കാണാത്ത വിധത്തിൽ വെള്ളത്തിൽ മുങ്ങി.
പെരുന്തേനരുവിയിൽ നിന്ന് കുരുമ്പൻമൂഴിക്കുള്ള വന പാത കോൺക്രീറ്റ് ചെയ്തതിനാൽ മലയോര ഗ്രാമം ഒറ്റപ്പെട്ടിട്ടില്ല. അരയാഞ്ഞിലിമണ്ണ് കോസ്‌വേയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. പുറംനാടുകളിലേക്കുള്ള മാർഗം അടഞ്ഞിരിക്കുകയാണ്. മുക്കം കോസ‌്‌വേയിൽ ഇന്നലെ രാവിലെയാണു വെള്ളം കയറിയത്.അരയാഞ്ഞിലിമണ്ണ് കോസ്‌വേയുടെ തൂണുകളിൽ തടികൾ അടിഞ്ഞിട്ടുണ്ട്. കൂടാതെ ചപ്പുചവറുകളും നിറഞ്ഞിരിക്കുകയാണ്.
അടുത്തിടെ നവീകരിച്ച കോസ്‌വേയാണിത്.റാന്നി–കോഴഞ്ചേരി റോഡിലെ പുതമൺ താൽക്കാലിക റോഡിൽ വെള്ളം കയറിയതുമൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബസുകൾ അടക്കം പേരൂച്ചാൽ പാലത്തിലൂടെ ചെറുകോൽപുഴ വഴിയാണ് പോകുന്നത്. പമ്പാനദിയിൽ സംഗമിക്കുന്ന തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. കരകളിലേക്കു കയറിയിട്ടില്ല. രാത്രിയിൽ മഴ ശക്തിപ്പെട്ടാൽ തീരങ്ങളിൽ വെള്ളം കയറും.
വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
അത്തിക്കയം ∙ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. വീടിനും ഭീഷണി. അത്തിക്കയം പുത്തൻപുരയ്ക്കൽ മധുസൂദനന്റെ വീടിനു മുന്നിലെ സംരക്ഷണഭിത്തിയാണു തകർന്നു വീണത്. തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണു സംഭവം. 20 അടിയോളം ഉയരമുള്ള വീടിനോടു ചേർന്ന സംരക്ഷണഭിത്തി തകർന്ന് അത്തിക്കയം–വെച്ചൂച്ചിറ റോഡിൽ പതിക്കുകയായിരുന്നു. മഴ കനത്താൽ വീടിനും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്.
എഴുമറ്റൂർ ∙ പള്ളിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. കൊറ്റൻകുടി പള്ളിക്കുന്ന് സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയുടെ മുകളിലേക്ക് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തേക്കുമരം കടപുഴകിയത്. മേൽക്കുരയ്ക്കുരയിലെ ഓടും തടി ഉരുപ്പടികൾക്കും തകർച്ച സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും അട്ടക്കുഴി- വേങ്ങഴ റോഡിൽ പുളിമരം കടപുഴകി വീണു, മരശിഖരങ്ങൾ മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.