പത്തനംതിട്ടയിൽ കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ച റൂട്ടുകളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
Mail This Article
പത്തനംതിട്ട ∙ സ്വകാര്യ ബസുകളുടെ പെർമിറ്റിനായി പുതിയ അപേക്ഷകൾ വരുമ്പോൾ അതിനെ എതിർക്കാൻ ദേശസാൽകൃതം. അതേ റൂട്ടിൽ കെഎസ്ആർടിസിക്ക് ബസ് സർവീസ് ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു മറുപടിയും. ജില്ലയിൽ കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ച റൂട്ടുകളുടെ അവസ്ഥയാണിത്. കൊല്ലം–കക്കി–പമ്പ, കോട്ടയം–മണിമല–തിരുവനന്തപുരം, തിരുവല്ല– പുനലൂർ–തിരുവനന്തപുരം, എംസി റോഡ്, ആലപ്പുഴ– ചെങ്ങന്നൂർ– പത്തനംതിട്ട എന്നീ റൂട്ടുകളാണ് ജില്ലയിൽ കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ചത്. ഈ 5 റൂട്ടുകളിൽ ജില്ലയിലെ പ്രധാന റോഡുകൾ എല്ലാം ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത.
∙ കൊല്ലം– കക്കി–പമ്പ റൂട്ട് കടന്നു പോകുന്ന വഴി:– ഭരണിക്കാവ്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, ആങ്ങമൂഴി, മൂഴിയാർ, കക്കി വഴി പമ്പ.
∙കോട്ടയം–മണിമല–തിരുവനന്തപുരം റൂട്ട് കടന്നു പോകുന്ന വഴി:– പുതുപ്പള്ളി, കറുകച്ചാൽ, മണിമല, പൊന്തൻപുഴ, പ്ലാച്ചേരി, മന്ദമരുതി, റാന്നി, ഉതിമൂട്, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ വഴി തിരുവനന്തപുരം.
∙ തിരുവല്ല–പുനലൂർ– തിരുവനന്തപുരം റൂട്ട്:– വള്ളംകുളം, ഇരവിപേരൂർ, കുമ്പനാട്, പുല്ലാട്, കോഴഞ്ചേരി, ഇലന്തൂർ, വാര്യാപുരം, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരം.
∙എംസി റോഡ് പൂർണമായും
∙ ആലപ്പുഴ– ചെങ്ങന്നൂർ– പത്തനംതിട്ട കടന്നുപോകുന്ന റൂട്ട്:– ഹരിപ്പാട്, മാവേലിക്കര, കോടുകുളഞ്ഞി, ചെങ്ങന്നൂർ, ആറന്മുള, കോഴഞ്ചേരി, ഇലന്തൂർ വഴി പത്തനംതിട്ട.
ഇതിൽ എംസി റോഡിലൂടെ മാത്രമാണ് പൂർണമായും കെഎസ്ആർടിസി സർവീസ് ഉള്ളത്. മറ്റു റൂട്ടുകളിൽ ഭാഗികമായി മാത്രം. കോട്ടയം–മണിമല–തിരുവനന്തപുരം റൂട്ട് ദേശസാൽക്കരിച്ചത് ആണെങ്കിലും ഇതുവഴി കോട്ടയം– തിരുവനന്തപുരം റൂട്ടിൽ ഒരു ബസ് പോലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. പുതുപ്പള്ളി, കറുകച്ചാൽ, മണിമല, പ്ലാച്ചേരി, റാന്നി വഴി കോട്ടയം– പത്തനംതിട്ട റൂട്ടിൽ കെഎസ്ആർടിസി സർവീസ് ഇല്ല. ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി ഉന്നത നിലവാരത്തിൽ വികസിപ്പിച്ച പുനലൂർ– പൊൻകുന്നം– മൂവാറ്റുപുഴ പാത പൂർണമായും ഉപയോഗപ്പെടുത്തിയുള്ള ദീർഘദൂര സർവീസും ഇല്ല.
ഉള്ള ബസുകൾ പ്ലാച്ചേരിയിൽ നിന്നു തിരിഞ്ഞ് എരുമേലി വഴിയാണ് പോകുന്നത്. മണിമല, റാന്നി വഴി പാലാ– തിരുവനന്തപുരം റൂട്ടിൽ ഒരു കെഎസ്ആർടിസി ഫാസ്റ്റ് ഉണ്ട്. എന്നാൽ പത്തനംതിട്ട നിന്ന് റാന്നി, മണിമല, കറുകച്ചാൽ വഴി കോട്ടയത്തിന് ഒരു ബസ് പോലും ഇല്ല. ഈ ഭാഗങ്ങളിൽ ഉള്ളവർ പല ബസുകൾ കയറി ഇറങ്ങിയാണ് പത്തനംതിട്ട എത്തുന്നത്.