ADVERTISEMENT

തിരുവല്ല ∙ മഴ തിമർത്തു പെയ്തിട്ടും കാര്യമായ നീരൊഴുക്കില്ലാതെ വരട്ടാർ. പായലും പോളയും നിറഞ്ഞ് കിടക്കുകയാണിപ്പോൾ. വരട്ടാർ പാലം മുതൽ തലയാർ വരെയുള്ള ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പാലത്തിന് സമീപം മാലിന്യം തള്ളുന്നതും വെള്ളം മലിനമാകാൻ കാരണമാകുന്നു. പലയിടത്തും എക്കൽ അടിഞ്ഞ് നദിയുടെ ആഴം കുറഞ്ഞു. നദിക്കു കുറുകെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

ഒഴുക്ക് നിലച്ചതും മണൽവാരലും കയ്യേറ്റവും നദിയുടെ നാശത്തിലേക്ക് നയിച്ചു. സമീപ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് വരട്ടാർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2022ൽ തുടങ്ങിയ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല. നദിയിൽനിന്നു മണൽ എടുത്തുമാറ്റി ആഴം കൂട്ടാനുള്ള നീക്കങ്ങൾ, കേവലം മണൽ കടത്ത് മാത്രമായി മാറുകയായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു.

നേരത്തെ ചപ്പാത്തുകളാണ് നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നത്. എന്നാൽ ഇതെല്ലാം പൊളിച്ച് മാറ്റിയിരുന്നു. തിരുവൻവണ്ടൂർ നന്നാട് കരകളെ ബന്ധിപ്പിക്കുന്ന പുത്തൻതോട് പാലം നിർമാണവും നദിയുടെ ഒഴുക്കിന് തടസ്സമായി. ജനകീയ പങ്കാളിത്തത്തോടെ നദിയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏഴു വർഷം പിന്നിട്ട് പുനരുദ്ധാരണം
ആദിപമ്പ–വരട്ടാർ നദി പുനരുദ്ധാരണം തുടങ്ങിയിട്ട് 7 വർഷം പിന്നിട്ടു. പക്ഷേ, ഇതുവരെ നദിയുടെ സ്വാഭാവിക ഒഴുക്കു വീണ്ടെടുക്കാനായിട്ടില്ല. പമ്പ, മണിമല നദികളെ ബന്ധിപ്പിക്കുന്ന സ്വാഭാവിക നദീബന്ധനമാണ് ആദിപമ്പ–വരട്ടാർ നദികൾ. 13.6 കിലോമീറ്റർ നീളമുള്ള നദി ചെങ്ങന്നൂർ നഗരസഭ (ഇടനാട്), കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലൂടെയാണു കടന്നുപോകുന്നത്.

പമ്പ, മണിമല നദികളെക്കാൾ ആദിപമ്പ– വരട്ടാർ നദിയുടെ അടിത്തട്ട് ഉയർന്നതും ചപ്പാത്തുകൾ നദിയുടെ ഒഴുക്കു തടഞ്ഞതുമാണു നദിയെ നാശത്തിന്റെ വക്കിലെത്തിച്ചത്. അനധികൃത കയ്യേറ്റങ്ങൾ നദിയുടെ വീതി കുറച്ചു. എന്നാൽ നദിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ‍ജനങ്ങൾ തന്നെ നദി വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. 2017ലാണു വരട്ടാറിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തുടക്കമിടുന്നത്.

പുഴ നടത്തം ഉൾപ്പെടെ ആഘോഷപൂർവം തുടങ്ങിയ ആദ്യഘട്ടം നാട്ടുകാരുടെ വലിയ പങ്കാളിത്തംമൂലം വിജയമായിരുന്നു.  എന്നാൽ 2018ലെ പ്രളയം തുടർപ്രവർത്തനങ്ങൾക്കു തടസ്സമായി. പിന്നാലെയെത്തിയ കോവിഡും വിലങ്ങുതടിയായി. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ 2022 അവസാനമാണു രണ്ടാംഘട്ട പുനരുദ്ധാരണം തുടങ്ങുന്നത്. തുടക്കം മുതൽതന്നെ മണലെടുപ്പ് മാത്രമാണു നടക്കുന്നതെന്ന് ആരോപണങ്ങളും ഉയർന്നു. രണ്ടാംഘട്ടത്തിൽ ഇതുവരെ രണ്ടു കിലോമീറ്റർ മാത്രമാണു വീണ്ടെടുക്കാനായത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com