ADVERTISEMENT

റാന്നി ∙ 41ാം വാർഷികത്തിലും വികസനത്തിൽ പോരായ്മകൾ മാത്രം ബാക്കിയാക്കി റാന്നി താലൂക്ക്. പത്തനംതിട്ട ജില്ലയുടെ താലൂക്കുകളിൽ ഒന്നായി റാന്നി മാറിയത് 1983 ഓഗസ്റ്റ് 1ന് ആണ്. തുടക്കത്തിൽ ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകൾ റാന്നി താലൂക്കിന്റെ ഭാഗമായിരുന്നു പിന്നിടു കോന്നിയോടു ചേർത്തു. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര എന്നീ പഞ്ചായത്തുകളാണ് ഇപ്പോൾ താലൂക്കിൽ. ശബരിമല ഉൾപ്പെടുന്ന താലൂക്ക് എന്ന പ്രത്യേകതയുമുണ്ട് റാന്നിക്ക് 

മിനി സിവിൽ സ്റ്റേഷൻ 
രണ്ടു ബ്ലോക്കുകളിലായി നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഇതു വരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം ബ്ലോക്കിൽ 3 നിലകൾ കൂടി ഇനി നിർമിക്കാനുണ്ട്. ഇതു സാധ്യമായാൽ മാത്രമേ  സർക്കാർ ഓഫിസുകളെല്ലാം ഇങ്ങോട്ടു മാറ്റി സ്ഥാപിക്കാൻ കഴിയൂ. അടുത്തിടെ ഒന്നാം ബ്ലോക്കിൽ ഒന്നും രണ്ടും നിലകൾ പണിതിരുന്നു. അവിടെ സ്ഥലം നൽകിയിട്ടും സാമ്പത്തിക പ്രതിസന്ധി മൂലം സബ് ആർടി ഓഫിസ് മാറ്റി സ്ഥാപിച്ചിട്ടില്ല. 

താലൂക്ക് ആശുപത്രി
ഒപി ബ്ലോക്കും വാർ‌ഡും ആശുപത്രിയിലുണ്ട്. പേ വാർഡ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 42.5 സെന്റ് ഭൂമിയും ഇതിനായി വാങ്ങി. അന്തിമ രൂപരേഖ കിഫ്ബി അംഗീകരിക്കുന്നതോടെ കരാർ ചെയ്തു പണി ആരംഭിക്കാം. സർക്കാർ നടപടികളിലെ മെല്ലെപ്പോക്കു മൂലം സമയത്തിനു നിർമാണം നടത്താൻ കഴിഞ്ഞിട്ടില്ല. 

അങ്ങാടി, പഴവങ്ങാടി എന്നീ പിഎച്ച്സികളുടെ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. വെച്ചൂച്ചിറ, പെരുനാട്, കാഞ്ഞീറ്റുകര എന്നീ സിഎച്ച്സികളിലും വടശേരിക്കര എഫ്എച്ച്സികളിലും കാര്യമായ വികസനമുണ്ടായിട്ടില്ല. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുടെ സ്ഥിതിയും ഇതു തന്നെ.

ഗതാഗതം‌
പുനലൂർ–മൂവാറ്റുപുഴ പാതയുടെ വികസനം നാടിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഭൂരിഭാഗം റോഡുകളും ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. വെച്ചൂച്ചിറ പഞ്ചായത്തിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും ഈ നിലവാരത്തിലെത്താൻ മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് പാക്കേജ് കൂടി പൂർത്തിയാകണം. ഇതും റാന്നി പുതിയ പാലത്തിന്റെ നിർമാണവും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

റാന്നി–ചെറുകോൽപുഴ ശബരിമല പാതയുടെ നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വീതി തർക്കത്തിൽ നിർമാണം നീളുകയാണ്. വെള്ളപ്പൊക്ക കാലത്ത് ഒറ്റപ്പെടുന്ന കുരുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ് എന്നിവിടങ്ങളിലേക്കുള്ള നടപ്പാലങ്ങൾ വേഗം നിർമിക്കണം. കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. യാഡിന്റെ മൂന്നിൽ രണ്ടു ഭാഗവും തകർന്നു കിടക്കുകയാണ്. എംഎൽഎ ഫണ്ടിൽ 3 കോടി രൂപ ചെലവഴിച്ച് സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലാണ് പ്രതീക്ഷ. 

വിദ്യാഭ്യാസം
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായുള്ളത് വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജും റാന്നി ഗവ. ഐടിഐയും മാത്രമാണ്. പോളിടെക്നിക്കിന്റെ ബാക്കി സ്ഥലം കൂടി പ്രയോജനപ്പെടുത്തി കൂടുതൽ കോഴ്സുകൾ തുടങ്ങാൻ കഴിയണം. ഐടിഐയുടെ കെട്ടിട നിർമാണം തുടങ്ങിയിട്ടുണ്ട്. ഗവ. കോളജ് റാന്നിയിൽ ആരംഭിക്കണം എന്ന ആവശ്യം നടപ്പായിട്ടില്ല. 

ശുദ്ധജലം
താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ജല വിതരണം കാര്യക്ഷമമാക്കാൻ ജല ജീവൻ മിഷൻ പദ്ധതിയുണ്ട്. അങ്ങാടി, ചെറുകോൽ, നാറാണംമൂഴി, വടശേരിക്കര, റാന്നി എന്നീ പഞ്ചായത്തുകളിൽ പൈപ്പുകൾ ഇടുന്ന പണി തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പണി നടക്കുന്നില്ല. സംഭരണി, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ പണികൾ വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com