ഒരു സീബ്രാവര വേണം; കുട്ടികൾക്ക് അപകടം പേടിക്കാതെ റോഡ് കടക്കാനാണ്
Mail This Article
പെരുമ്പെട്ടി∙ റോഡിൽ നടവരയില്ല. പാതമുറിച്ചുകടക്കാൻ ജീവൻ പണയംവച്ച് വിദ്യാർഥികളും യാത്രക്കാരും.ചാലാപ്പള്ളി - കോട്ടാങ്ങൽ റോഡിൽ കിടികെട്ടിപാറ റോഡ് സന്ധിക്കുന്ന ചുങ്കപ്പാറ ഹൈസ്കൂൾ ജംക്‌ഷനിലാണ് ഈ കാഴ്ച.ചാലാപ്പള്ളി മേഖലയിൽ നിന്ന് എത്തുന്ന ബസുകളിൽ നിന്ന് ഇറങ്ങുന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കുമാണു ഏറ്റവും ദുരിതം. പ്രധാന പാതയുടെ ഇരുവശും ഒരുപോലെ ഉപപാതയിലേക്കും നോക്കി മറുവശത്തെത്താൻ ജീവനും കൊണ്ട് പായുകയാണ് യാത്രക്കാർ.
ദിവസവും ഇരുവശത്തുനിന്നുമായി ആയിരത്തിലധികം യാത്രികരാണ് ഇവിടെ പാത മുറിച്ച്കടക്കുന്നത്. ഉപപാതയിൽ നിന്ന് പ്രധാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ അപകടം തലനാരിഴയ്ക്കാണ് വഴിമാറുന്നത്. കവലയിൽ ഇരുവശത്തുനിന്നും ബസുകളും ഉപപാതയിൽ നിന്ന് വാഹനങ്ങളും എത്തുന്നതോടെ മറുവശത്തേക്ക് കടക്കേണ്ട യാത്രക്കാർ അങ്കലാപ്പിലാകുന്നു. ഒരു വർഷത്തിനിടയിൽ ഇവടെയും സമീപത്തുമായി 18 അപകടങ്ങളാണ് സംഭവിച്ചത്.സുരക്ഷിതയാത്രക്കായി നടവരയും ഉപപാതയിൽ വേഗത്തടയും സ്ഥാപിക്കമമെന്നാണ് വിദ്യാർഥികളുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാണ്.