ഈ പ്ലാവ് ചക്ക തരും വർഷത്തിൽ 3 തവണ; ഓരോ തവണയും 600 ചക്കകൾ വരെ!
Mail This Article
വെച്ചൂച്ചിറ ∙ ‘വർഷത്തിൽ മൂന്നു തവണ വിളവെടുക്കാൻ കഴിയുന്ന പ്ലാവോ?’ സംശയിക്കേണ്ട ജോസിന്റെ പുരയിടത്തിലെ 4 മൂട് പ്ലാവുകളും വർഷത്തിൽ 3 തവണ കായ്ക്കും. കാർഷിക രംഗത്ത് പുത്തൻ പരീക്ഷണങ്ങളുടെ പാതയിലാണ് കർഷകനായ മണ്ണടിശാല പണിക്കരു വീട്ടിൽ പി.ജെ.ജോസഫ് (ജോസ്–75). ജോസ് കൃഷി തൊഴിലാക്കിയിട്ട് 4 പതിറ്റാണ്ടു പിന്നിട്ടു. ഇപ്പോഴും കാർഷിക രംഗത്ത് സജീവമാണ്. വിളകൾ ബഡ് ചെയ്ത് എങ്ങനെ കൂടുതൽ വിളവു നേടാമെന്ന് അദ്ദേഹം ദിവസവും പരീക്ഷണം നടത്തുന്നു.
പ്ലാവിന്റെ ചുവട്ടിൽ മുകുളം ബഡ് ചെയ്തു പിടിപ്പിച്ചാണ് കൂടുതൽ വിളവു നേടുന്നത്. പ്ലാവിന്റെ തുടുപ്പിനാണ് ബഡ് ഒട്ടിക്കുന്നത്. ഇതുവഴി ഒരു പ്ലാവിൽ നിന്ന് ഓരോ തവണയും 600 ചക്കകൾ വരെ ലഭിക്കുമെന്ന് ജോസ് സാക്ഷ്യപ്പെടുത്തുന്നു. തിപ്പലിയിൽ ബ്രസീലിയൻ കുരുമുളക് വള്ളികളും ബ്രസീലിയൻ കുരുമുളക് വള്ളികളിൽ തിപ്പലിയും ബഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. ആഞ്ഞിലിയിൽ പ്ലാവ് ബഡ് ചെയ്തിട്ടുണ്ട്. വിളവ് ലഭിച്ചു തുടങ്ങിയിട്ടില്ല. ക്യാറ്റക്കിൽ വിവിധ നിറങ്ങൾ ബഡ് ചെയ്ത് മുറ്റത്ത് അലങ്കാരമായി വച്ചിട്ടുണ്ട്.
പേരയിൽ ബഡ്ഡിങ് പരീക്ഷിച്ച് നല്ലതു പോലെ ഫലം ലഭിക്കുന്നുണ്ട്. വെറ്റിലക്കൊടിയിൽ തുളസിയും തിപ്പലിയും പിടിപ്പിച്ചിട്ടുണ്ട്. ആഞ്ഞിലിയിൽ കടപ്ലാവ് ഒട്ടിച്ച് മികച്ച വിളവു നേടിയിരുന്നു. എല്ലാ ഫലവൃക്ഷങ്ങളിലും വിളകളിലും പരീക്ഷണങ്ങൾ നടത്തി മികച്ച വിളവു നേടുകയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ജോസിന്റെ ലക്ഷ്യം.