വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; വിഡിയോ കോളിൽ മകളുടെ കഴുത്തിൽ വടിവാൾവച്ച് ഭീഷണി, പിതാവ് അറസ്റ്റിൽ
Mail This Article
പത്തനംതിട്ട ∙ വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസി വിദേശത്ത് നഴ്സ് ആണ്. ഭാര്യയെ ഫോണിൽ വിളിച്ച് ഇയാൾ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോൾ അസഭ്യം വിളിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചു.
തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി വിഡിയോ കോൾ ചെയ്തശേഷം മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കി. പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. യുവതിയുടെ പിതാവ് പി.വൈ.വർഗീസ് തിരുവല്ല പൊലീസിൽ പരാതി നൽകുകയും പൊലീസ് ജിൻസനെതിരെ കേസെടുക്കുകയുമായിരുന്നു.