ഉപയോഗശൂന്യമായ അരവണ ഒരുമാസത്തിനുള്ളിൽ നീക്കും
Mail This Article
ശബരിമല ∙ ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നു വിൽപന തടഞ്ഞ് ഉപയോഗശൂന്യമായ അരവണ ഒരുമാസത്തിനുള്ളിൽ സന്നിധാനത്തുനിന്നു നീക്കം ചെയ്യാൻ ദേവസ്വം ബോർഡിന് സർക്കാരിന്റെ അനുമതി. അരവണ നീക്കുന്നതിന് ടെൻഡറിൽ പങ്കെടുത്ത 3 കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക1.16 കോടി രൂപ ആവശ്യപ്പെട്ട ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊലൂഷൻ (പ്രൈവറ്റ്) ലിമിറ്റഡിനു കരാർ നൽകാനുള്ള ദേവസ്വം ബോർഡിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.
സർക്കാരിന്റെ മേൽനോട്ടത്തിലും സഹായത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അരവണ നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കാനാണു സുപ്രീം കോടതിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അഭിപ്രായം തേടിയത്. അനുമതി ലഭിച്ചതിനെ തുടർന്ന് കമ്പനി പ്രതിനിധികളുമായി ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചർച്ച നടത്തി. ഒരുമാസത്തിനുള്ളിൽ നീക്കം ചെയ്യാമെന്നു കമ്പനി സമ്മതിച്ചതായി ഇവർ പറഞ്ഞു. 6.65 കോടി രൂപ വില വരുന്ന അരവണയാണ് സന്നിധാനത്ത് ഉപയോഗ ശൂന്യമായത്.