സംരക്ഷണഭിത്തി തകരുന്നത് ആശങ്കയുണ്ടാക്കുന്നു
Mail This Article
മല്ലപ്പള്ളി ∙ സംരക്ഷണഭിത്തി തകരുന്നത് ആശങ്കകൾക്ക് ഇടനൽകുന്നതായി പരാതി. മല്ലപ്പള്ളി - പുല്ലുകുത്തി - ആനിക്കാട് റോഡിൽ പറക്കടവിനും സമീപം മണിമലയാറിനു ഓരംചേർന്ന കൊടുംവളവിലാണ് ഈ അപകടകരമായ കാഴ്ച. സംരക്ഷണ ഭിത്തിയുടെ ഓരോ ഭാഗവും ഓരോ ജലപ്രവാഹത്തിലും ആറ്റിലേക്ക് ഇടിഞ്ഞു താഴുകയാണ്. ഇവിടെ രാത്രി യാത്രകളിൽ വാഹനയാത്രികർ അപകടത്തിൽപെടാനും സാധ്യതയേറയാണ്. ഈ ഭാഗത്ത് പാതയോരത്തിന് ശേഷം 25 അടിയിലധികമാണ് താഴ്ച. ഈ ഭാഗത്ത് അപകട സൂചന മുന്നറിയിപ്പായി പ്രതിബിംബക്കാലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് യാതൊരു പ്രയോജനവും ചെയ്യില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഗ്രാമീണ പാതയുടെ ഭാരം താങ്ങൽ ശേഷിയേക്കാൾ കൂടുതൽ ഭാരവുമായി ഖനന ഉൽപന്നങ്ങളുമായി ഇടമുറിയതെ ലോറികളുടെ കടന്നുവരവ് തകർച്ചയുടെ ആക്കം കൂട്ടി. കഴിഞ്ഞ ദിവസം സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും ഇതിനുമുകളിൽ നിർമിച്ചിരുന്ന കരിങ്കൽ തടയും ആറ്റിൽപതിച്ചു. പാതയോരം ഇടിഞ്ഞുതാഴുന്നതുമൂലം ക്രമേണ സമീപ പുരയിടങ്ങളിലേക്കും വിള്ളൽ വ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തകർച്ച സംബന്ധിച്ച് പരാതി നൽകിയിട്ടും അധികൃതർ അലംഭാവം കാട്ടുന്നതായാണ് നാട്ടുകാരുടെ ആരോപണം. ജനങ്ങളുടെ സുരക്ഷാഭീഷണി ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി സംരക്ഷണഭിത്തി പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം