നഗരസഭയുടെ വഴിയിടം പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡ്: വിവാദം
Mail This Article
പറക്കോട്∙ പഴയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ വഴിയിടം പദ്ധതിക്കായി നിർമിച്ച കെട്ടിടത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് വിവാദമായി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, സ്റ്റിക്കർ വർക്ക് ചെയ്തു കൊടുക്കുന്നതിന്റെ ബോർഡാണ് സ്ഥാപിച്ചത്. വഴിയിടം പദ്ധതി പ്രകാരം ശുചിമുറി, കഫറ്റേരിയ വിശ്രമസ്ഥലം എന്നിവയ്ക്കായി നിർമിച്ച കെട്ടിടത്തിലാണിത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപത്തായി ഈ സ്ഥാപനം നടത്തുന്ന ആളാണ് വഴിയിടം പദ്ധതിയുടെ പ്രവർത്തനം നടത്തുന്നതിനുള്ള കരാർ എടുത്തിരിക്കുന്നതത്രെ.
കഫറ്റേരിയയുടെ മുറിയിൽ സ്വകാര്യ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ ഇതെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്.നഗരസഭ 5 ലക്ഷം രൂപ മുടക്കിയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ശുചിമുറി, വിശ്രമിക്കാനുള്ള സ്ഥലം കംഫറ്റേരിയ മുറി എന്നിവ സ്ഥാപിച്ചത്.
2022 ഡിസംബർ 30നാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ തുടർന്ന് ഏറ്റെടുത്ത് നടത്താൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. പിന്നീട് ഒരാൾ എടുത്തെങ്കിലും അധികം നാൾ പ്രവർത്തിച്ചില്ല. അതിനു ശേഷമാണ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, സ്റ്റിക്കർ വർക്ക് എന്നിവ നടത്തുന്നയാളിന് കരാർ നൽകിയത്.