പുതിയ കടത്തുകാരനെ നിയമിക്കുന്നില്ല; കടവുകളിലെ കടത്ത് ഉപേക്ഷിച്ച് മരാമത്ത്
Mail This Article
റാന്നി ∙പുഴയോരങ്ങളിലെ കടത്തുവള്ളങ്ങൾ ഇനി ഓർമയാകുമോ ? ഈ സേവനത്തിൽ നിന്ന് പിഡബ്ല്യുഡി നിരത്തു വിഭാഗം പിൻമാറുന്നു. പുതിയ വള്ളം വാങ്ങുന്നുമില്ല. പെൻഷനായവർക്കു പകരം പുതിയ കടത്തുകാരനെ നിയമിക്കുന്നുമില്ല. പമ്പാനദിയിലെ മാടമൺ വള്ളക്കടവ്, തോട്ടമൺ മാരാംതോട്ടത്തിൽ കടവ് എന്നിവിടങ്ങളിലെ കടത്തുകൾ നിലച്ചിട്ടും പുനരാരംഭിക്കാൻ നടപടിയില്ല.
പതിറ്റാണ്ടുകൾക്കു മുൻപു പമ്പാനദിയിൽ കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, അത്തിക്കയം, മുക്കം, പൂവത്തുംമൂട്, മാടമൺ വള്ളക്കടവ്, ബംഗ്ലാംകടവ്, ചൊവ്വൂർ, പാണ്ടിപ്പുറത്ത്, ഐത്തല, ഉാപസന, പുല്ലൂപ്രം, വരവൂർ, പേരൂച്ചാൽ എന്നീ കടവുകളിൽ കടത്തുണ്ടായിരുന്നു. പഞ്ചായത്തുകളും പിഡബ്ല്യുഡിയും നടത്തിയിരുന്ന കടത്തുകളാണിവ. ഇപ്പോൾ പെരുനാട് പഞ്ചായത്ത് മാത്രമാണ് മുക്കത്തു കടത്തു നടത്തുന്നത്. അതും അടുത്തിടെ തുടങ്ങിയതാണ്. പാലങ്ങളും കോസ്‌വേയും നിർമിച്ചപ്പോൾ മിക്ക കടത്തുകളും ഒഴിവാക്കിയിരുന്നു. ബദൽ സംവിധാനങ്ങളില്ലാത്തതിനാലാണ് മാടമൺ വള്ളക്കടവ്, തോട്ടമൺ മാരാംതോട്ടത്തിൽ എന്നീ കടവുകളിലെ കടത്തുകൾ നിലനിർത്തിയിരുന്നത്. രണ്ടും 12 മാസ കടത്താണ്.
തോട്ടമൺ
മാരാംതോട്ടത്തിൽ കടവിലെ കടത്തു വള്ളം നഷ്ടപ്പെട്ടിരുന്നു. വാടകയ്ക്കെടുത്ത വള്ളമാണ് പിന്നീട് കടത്തിന് ഉപയോഗിച്ചിരുന്നത്. കടത്തുകാരൻ വല്ലപ്പോഴും മാത്രമാണ് കടവിലെത്തിയിരുന്നത്. മാസങ്ങളോളം വള്ളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. ഇതു പരാതിക്കിടയാക്കിയതോടെ വള്ളം ഇവിടെ നിന്നു മാറ്റി. കടത്തുകാരൻ പിഡബ്ല്യുഡി സെക്‌ഷൻ ഓഫിസിലുണ്ടെന്ന് സമീപവാസികൾ പറയുന്നു. തോട്ടമൺ, വരവൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കടത്താണിത്. വരവൂർ കരയിൽ താമസിക്കുന്നവർ തോട്ടമൺകാവ് അമ്പലത്തിലെത്തിയിരുന്നത് കടത്തു വള്ളത്തിലായിരുന്നു. ഇപ്പോൾ പുല്ലൂപ്രം, മാമുക്ക്, പെരുമ്പുഴ വഴി ചുറ്റുകയാണ്.
മാടമൺ
വള്ളക്കടവിൽ കടത്തു വള്ളമുണ്ട്. കടത്തുകാരനില്ലാത്തതാണു പ്രശ്നം. മാടമൺ വടക്ക്, തെക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കടത്താണിത്. നോർത്തിൽ താമസിക്കുന്നവർക്ക് റേഷൻ കട, പെരുനാട് പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ, ആശുപത്രി, പൊലീസ് സ്റ്റേഷൻ, സ്കൂൾ, കോളജ് എന്നിവയുമായി ബന്ധപ്പെടാൻ കടത്തു കടന്ന് മാടമൺ ജംക്‌ഷനിലെത്തണം. കടത്തു മുടങ്ങിയതോടെ ജനം ബംഗ്ലാംകടവ്, ചമ്പോൺ വഴി കിലോമീറ്ററുകൾ ചുറ്റുകയാണ്. കടത്തു വള്ളം അടിച്ചിപ്പുഴ പമ്പ് ഹൗസിനു സമീപം കടവിൽ മുങ്ങിക്കിടപ്പുണ്ട്. മേയ് 31ന് കടത്തുകാരൻ പെൻഷനായിരുന്നു. പകരം 3 മാസത്തേക്ക് താൽക്കാലിക കടത്തുകാരനെ പിഡബ്ല്യുഡി നിയമിച്ചിരുന്നു. 89 ദിവസമായപ്പോൾ ഇയാളെ വിട്ടു. പകരം നിയമനമില്ല. താൽക്കാലികമായി നിയമിച്ചയാൾക്ക് ഇതുവരെ വേതനം കിട്ടിയിട്ടില്ലെന്ന് പിഡബ്ല്യുഡി ളാഹ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കടത്തുകരാനില്ലെന്നും പഞ്ചായത്തിന്റെ ചുമതലയിൽ കടത്തു നടത്തണമെന്നും നിർദേശിച്ച് പഞ്ചായത്തിനു കത്തു നൽകിയിട്ടുണ്ടെന്നും എൻജിനീയർ പറഞ്ഞു.