കയ്യോടെ പിടിയിൽ ;ശുചിമുറി മാലിന്യം തള്ളിയ വാഹനം പിടികൂടി
Mail This Article
പുതുവൽ ∙ശുചിമുറി മാലിന്യം തള്ളി കെപി റോഡരിക് മലിനപ്പെടുത്തി. കഴിഞ്ഞ ദിവസം പുതുവൽ, ശാലേംപുരം, ചാങ്കൂർ എന്നിവിടങ്ങളിലാണ് കെപി റോഡരികിലായി ശുചിമുറി ടാങ്കിലെ മലിനജലവും മാലിന്യവുമെല്ലാം ഒഴുക്കി മലിനമാക്കിയത്. ഇവിടെ കിലോമീറ്ററുകളോളം ദൂരത്തിൽ മലിനജലം ഒഴുക്കിയിരുന്നു. ഇതു കാരണം ഇതുവഴി നടന്നു പോകാൻ കഴിയാത്ത സ്ഥിതിയായതോടെ കാൽനട യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇതിനു മുൻപും ഇവിടെ മാലിന്യം തള്ളിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ മങ്ങാട് ഭാഗത്ത് ശുചിമുറി മാലിന്യം തള്ളികൊണ്ടിരുന്ന പഴകുളം സ്വദേശിയുടെ വാഹനം പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് വെട്ടിച്ചു പോയ ടാങ്കർ ലോറി മണ്ണടി ദേശക്കല്ലുംമൂട് ഭാഗത്താണ് പിടികൂടിയത്.
ഡ്രൈവർ കടന്നുകളഞ്ഞു.ദിവസവും നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണു ശുചിമുറി മാലിന്യം തള്ളിയിട്ടു പോകുന്നത്. രണ്ടാഴ്ച മുൻപ് പഴകുളം കെഐപി കനാൽ ഭാഗത്തും ഇതുപോലെ കിലോമീറ്ററുകൾ ദൂരത്തിൽ ശുചിമുറികളിലെ മലിനജലം ഒഴുക്കിയിരുന്നു. പഴകുളം ജനകീയ സമിതി കലക്ടർക്കു പരാതി നൽകിയതിനെ തുടർന്ന് കലക്ടർ സ്ഥലം സന്ദർശിക്കുകയും ഈ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നതാണ്.