പത്തനംതിട്ട നഗരത്തിൽ വിവിധ ഇടങ്ങളിൽ കുന്നുകൂട്ടി പ്ലാസ്റ്റിക് മാലിന്യം
Mail This Article
പത്തനംതിട്ട ∙ നഗരത്തിൽ വിവിധ ഇടങ്ങളിൽ പ്ലാസ്റ്റിക് കുന്നുകൂട്ടി വച്ച് നഗരസഭ. നഗരസഭ മാർക്കറ്റിൽ ഏറ്റവും പിറകിലുള്ള ഒരു ലൈൻ കടകൾക്കു മുകളിൽ നീളത്തിൽ ഷെഡ് ഉണ്ടാക്കിയാണ് പ്ലാസ്റ്റിക് കൂട്ടിവച്ചു തുടങ്ങിയത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിതകർമസേന നഗരസഭയിലെ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് എംസിഎഫുകളിൽ ചാക്കുകളിൽ നിറച്ച് കുന്നുകൂട്ടി വച്ചിരിക്കുന്നത്. ആരും ഏറ്റെടുക്കാനില്ലാതായതോടെ അടഞ്ഞു കിടന്ന കടകളുടെ ഉള്ളിലും വരാന്തകളിലും പ്ലാസ്റ്റിക് കുന്നുകൂട്ടി വച്ചിരുന്നു.
മാർക്കറ്റിനുള്ളിൽലെ എംസിഎഫിനു സമീപത്തെ ഷെഡിലും പരിസരത്ത് ടാർപായ വലിച്ചു കെട്ടിയിടത്തും അജൈവ മാലിന്യം തരം തിരിക്കാനായി ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാൻ റിങ് റോഡിലെ അറവുശാലയ്ക്കു സമീപം തരിശായിക്കിടക്കുന്ന നഗരസഭ സ്ഥലത്ത് കൂടുതൽ സൗകര്യപ്രദമായ ഷെഡ് തയാറാക്കിക്കഴിഞ്ഞു. അജൈവ മാലിന്യം ശേഖരിച്ചു തരംതിരിച്ച് മാസം തോറും അത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയെന്നതായിരുന്നു പദ്ധതി. ആദ്യ കാലത്ത് ശേഖരിച്ച മാലിന്യം ഇങ്ങനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. വിവിധയിനം പ്ലാസ്റ്റിക് കവറുകൾ, കുപ്പി, പേപ്പർ, ലെതർ ഉൽപന്നങ്ങൾ, ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് തരം തിരിച്ച് കമ്പനിക്ക് കൈമാറുന്നത്.
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നിലവിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൈവ മാലിന്യം ശേഖരിച്ചു കൈമാറിത്തുടങ്ങി. ഇതോടെ മാലിന്യം ഏറ്റെടുക്കുന്ന ജോലിയിൽ അൽപം മന്ദത ഉണ്ടായതായാണു ആരോപണം. തരം തിരിച്ച് കൈമാറുന്ന 20 ഇനം പാഴ്‌വസ്തുക്കൾക്കു സർക്കാർ വില നിശ്ചയിച്ചിട്ടുണ്ട്. ഈ ജൈവ മാലിന്യത്തിന്റെ തൂക്കത്തിന് അനുസരിച്ച് ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന വില ഹരിതകർമ സേനാംഗങ്ങൾക്ക് ലഭിക്കും. സേനയുടെ അക്കൗണ്ടിലേക്കാണു ഈ തുക ക്ലീൻ കേരള കമ്പനി കൈമാറുന്നത്. സാമ്പത്തിക പരാധീനതയാണ് ഇതിനും തടസ്സമാകുന്നതെന്നാണു ആരോപണം.
റോഡ് നിർമാണത്തിന് ഉപയോഗിക്കാനായി പ്ലാസ്റ്റിക് പൊടിച്ച് ക്ലീൻ കേരള മിഷനു കൈമാറാൻ ഒരു പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്വകാര്യ ബസ്‌സ്റ്റാൻഡിനു സമീപം വർഷങ്ങൾക്കു മുൻപ് നഗരസഭ സ്ഥാപിച്ചിരുന്നു. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവിട്ടാണ് ആവശ്യമായ യന്ത്രങ്ങൾ സ്ഥാപിച്ചത്. യന്ത്രങ്ങൾ ഘടിപ്പിച്ച് കുറച്ചു ദിവസങ്ങൾ ഇത് വിജയകരമായി നടത്തിയിട്ടും തുടർന്നു പ്രവർത്തിപ്പിക്കാനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഇവിടെയും അജൈവ മാലിന്യം എത്തിച്ച് തരംതിരിച്ച് കെട്ടി വച്ചിട്ടുണ്ട്. അതും ക്ലീൻ കേരള മിഷനു നൽകാനുള്ള നടപടികളായില്ല.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് 4 ടൺ പ്ലാസ്റ്റിക് നീക്കം ചെയ്തതായി ക്ലീൻ കേരള കമ്പനി ജില്ലാ അധികൃതർ പറഞ്ഞു. കുന്നന്താനത്ത് വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് 15 ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്നും അതോടെ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് നീക്കം വേഗതയിലാകുമെന്നുമാണ് ഇവരുടെ അഭിപ്രായം.