ശബരിമല തീർഥാടനകാലം: ദേവസ്വം ബോർഡിന്റെ പച്ചക്കൊടി കാത്ത് ക്രമീകരണങ്ങൾ
Mail This Article
പന്തളം ∙ ശബരിമല തീർഥാടനകാലം തുടങ്ങാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ പ്രധാന നടപടികളിൽ അധികൃതരുടെ ഇടപെടൽ കാത്ത് പന്തളം നഗരസഭയും കുളനട പഞ്ചായത്തും. പുതിയ അന്നദാനമണ്ഡപത്തിലെ ഒരു നില വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നഗരസഭ, ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മറുപടി ലഭിച്ചില്ല. തീർഥാടകർക്ക് വിരിവയ്ക്കാനും അഗ്നിരക്ഷാസേന ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കാനുമാണ് കെട്ടിടം ആവശ്യപ്പെട്ടത്.
എന്നാൽ, ബോർഡിന്റെ മറുപടി ലഭിക്കാത്തത് മൂലം ക്രമീകരണങ്ങളൊന്നും തുടങ്ങാനായിട്ടില്ല. കഴിഞ്ഞ തവണ 3.6 ലക്ഷം രൂപ വാടകയിനത്തിൽ നൽകിയാണ് നഗരസഭ കെട്ടിടം ഏറ്റെടുത്തിരുന്നത്. കുളനട കൈപ്പുഴയിലെ തീർഥാടകവിശ്രമകേന്ദ്രം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുളനട പഞ്ചായത്ത് 2 തവണ റവന്യു വകുപ്പിന് കത്ത് നൽകി. കലക്ടറെ നേരിട്ടു കണ്ടു. ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ പറഞ്ഞു.
ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിലാണ് മുൻ വർഷങ്ങളിൽ തീർഥാടകർക്ക് വിരിവയ്ക്കാനും പാർക്കിങ്ങിനും സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ ഇപ്പോൾ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കുകയാണ്. കഫേ പ്രവർത്തിക്കുന്നതിനാൽ കെട്ടിടം പൂർണമായി വിട്ടുകിട്ടാനിടയില്ല. എന്നാൽ, റസ്റ്ററന്റ് ഹാൾ ഒഴികെയുള്ള ഭാഗം, കാർ പോർച്ച്, റിസപ്ഷൻ ഹാൾ, ശുചിമുറി ബ്ലോക്ക്, പാർക്കിങ് ഏരിയ തുടങ്ങിയവ വിട്ടുകിട്ടണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.
ചോദിച്ചത് എച്ച്ഐമാരെ; കിട്ടിയത് ഓവർസീയർമാരെ
പന്തളം ∙ തീർഥാടനകാലം തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ നഗരസഭാ ഓഫിസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരില്ല. ഉണ്ടായിരുന്ന 3 പേരും സ്ഥലംമാറിപ്പോയി. ഈ വിഷയം കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല അവലോകനയോഗത്തിൽ നഗരസഭാ അധ്യക്ഷ ഉന്നയിച്ചു. തനിക്ക് കത്ത് നൽകണമെന്നും ഇടപെടൽ നടത്താമെന്നും മന്ത്രി വി.എൻ.വാസവൻ മറുപടിയും നൽകി. ഇതു പ്രകാരം ഭരണസമിതി മന്ത്രിക്ക് കത്ത് നൽകി. എന്നാൽ, 2 ഓവർസീയർമാരെയാണ് വിട്ടുകിട്ടിയത്. ജെഎച്ച്ഐമാരുടെ നിയമനം ഉടനുണ്ടാവില്ലെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താനുമാണ് മന്ത്രിയുടെ ഓഫിസിൽ നിന്നു ഭരണസമിതിക്ക് കിട്ടിയ നിർദേശം.