ഏഴംകുളം–കൈപ്പട്ടൂർ: വേണം റോഡ് സുരക്ഷ
Mail This Article
കൊടുമൺ ∙ ഏഴംകുളം–കൈപ്പട്ടൂർ റോഡ് നിർമാണം പൂർത്തിയാകുന്നതിനു മുൻപേ തന്നെ അപകടങ്ങൾ സ്ഥിരമായി മാറുന്നു. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപ് റോഡിൽ സുരക്ഷ ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. റോഡിലെ അനധികൃത പാർക്കിങ്ങും റോഡരികിലെ കയ്യേറ്റവും ആദ്യം തന്നെ ഒഴിപ്പിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. റോഡിന്റെ നിർമാണം പൂർത്തിയായ ഉടൻ തന്നെ റോഡിന്റെ അരികിലായി പെട്ടിക്കടകൾ ധാരാളമായി നിർമിക്കുകയാണ്. അവ റോഡിലേക്ക് കയറ്റി നിർമിക്കുന്നതാണ് പ്രധാന പ്രശ്നം.
ഇവിടെ വാഹനങ്ങൾ അനധികൃതമായി കൊണ്ടുവന്നു പാർക്കു ചെയ്യുന്നു. കഴിഞ്ഞ ദിവസം രണ്ടാംകുറ്റി, ഇടത്തിട്ട കാവുംപാട്ട് ക്ഷേത്രം, കൊടുമൺ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് അപകടം ഉണ്ടായത്. രണ്ടാംകുറ്റി ഭാഗത്ത് വൈദ്യുതി തൂണിൽ കാറിടിച്ച് പുതിയതായി സ്ഥാപിച്ച വൈദ്യുതി തൂണു പോലും വളഞ്ഞു. ഇടത്തിട്ട ഭാഗത്ത് റോഡരികിലൂടെ നടന്നുപോയ കാൽനടയാത്രക്കാരനെ ഓട്ടോയിടിച്ചു.
ജംക്‌ഷനിൽ റോഡിനു കുറുകെ നടന്നുപോയ യാത്രക്കാരെ ബൈക്കിടിച്ചു. ജംക്‌ഷനിൽ രണ്ടാംഘട്ട ടാറിങ് ഇനിയും പൂർത്തിയാകാനുണ്ട്. അതിനു മുൻപാണ് ഈ അപകടങ്ങൾ ഉണ്ടായത്. പാലമുക്ക് മുതൽ ഏഴംകുളം വരെ റോഡിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ പണികൾ പുരോഗമിക്കുമ്പോൾ തന്നെ അപകടങ്ങൾ ഉണ്ടാകുന്നതിൽ യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലാണ്. ഗതാഗത ഉപദേശക സമിതി വിളിച്ചു ചേർത്ത് പഞ്ചായത്ത് ഗതാഗത സംവിധാനം ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് യാത്രക്കാർ പറഞ്ഞു.
റോഡിന്റെ ഇരു ഭാഗത്തും റോഡരികിൽ ലൈൻ വരച്ചിട്ട ശേഷം അതിനപ്പുറത്തേക്ക് തന്നെ കർശനമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശം നൽകണം. ജംക്‌ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് ഉൾപ്പെടെ പുനർ ക്രമീകരിക്കാൻ ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി മോട്ടർ വാഹനവകുപ്പ്, പൊലീസ് എന്നിവരെ ചേർത്ത് ഉപദേശക സമിതി വിളിക്കണം. അതുപോലെ സ്വകാര്യബസുകളുടെ അമിത വേഗവും സ്റ്റോപ്പുകൾ ഇല്ലാത്തിടത്ത് വഴിനീളെ നിർത്തി യാത്രക്കാരെ കയറ്റുന്നതും കർശനമായി നിയന്ത്രിക്കണം. സ്കൂളുകൾക്ക് മുന്നിൽ സീബ്രാ ലൈനുകൾ വരയ്ക്കണം കൂടാതെ വളവുകളിൽ ദിശാ ബോർഡുകളും അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.