തോടിന്റെ തീരം ഇടിയുന്നു; അപകട ഭീഷണിയിൽ 80 കുടുംബങ്ങൾ
Mail This Article
തിരുവല്ല ∙ കുറ്റപ്പുഴ തോടിന്റെ തീരം ഇടിഞ്ഞു വീഴുന്നു. തീരത്ത് താമസിക്കുന്ന 80 ഓളം കുടുംബങ്ങൾ അപകട ഭീഷണിയിൽ. നഗരസഭ എട്ടാം വാർഡിൽ കുറ്റപ്പുഴ തോടിന്റെ ആറ്റുമാലി ഭാഗത്തെ കുടുംബങ്ങളാണ് ദുരിതത്തിൽ ആയിരിക്കുന്നത്. ഇവിടെ തോടിന് 30 അടിയോളം താഴ്ചയാണുള്ളത്. തോടിന്റെ ഇരു കരകളിലും താമസിക്കുന്ന കുടുംബങ്ങൾ ഏതാനും വർഷങ്ങളായി തീരം ഇടിയുന്നതിനെ തുടർന്ന് ഭയാശങ്കയോടെയാണ് കഴിയുന്നത്. കവിയൂർ പുഞ്ച അടക്കമുള്ള പാടശേഖരങ്ങളിൽ നിന്നും മണിമലയാറ്റിൽ നിന്നും കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന തോടാണിത്.
തീരം ഇടിഞ്ഞു തുടങ്ങിയതോടെ തോടിന്റെ ഇരു കരകളിലൂടെയും ആറടിയോളം വീതിയിൽ വർഷങ്ങൾക്കു മുൻപ് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഭാഗങ്ങളും തോട്ടിലേക്ക് ഇടിഞ്ഞുവീണ നിലയിലാണ്. വെള്ളി വൈകിട്ട് പെയ്ത കനത്ത മഴയിൽ ഇരുകരകളിലുമായി മൂന്നിടത്ത് കോൺക്രീറ്റ് റോഡ് ഇടിഞ്ഞുവീണു. ഇനിയും മണ്ണിടിച്ചിൽ തുടർന്നാൽ റോഡിന്റെ ഇരു കരകളിലുമായുള്ള എട്ടോളം വീടുകൾ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണ്. തോടിന്റെ 100 മീറ്ററോളം ഭാഗത്ത് 5 വർഷം മുൻപ് കരിങ്കൽഭിത്തി നിർമിച്ചിരുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു വീഴുന്നത്.
ആറടിയോളം വീതിയിൽ നിർമിച്ച ഇരു കരകളിലെയും റോഡിന്റെ പല ഭാഗങ്ങളും തീരം ഇടിയുന്നതിനെ തുടർന്ന് നടന്നു പോകാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത തൂണുകളും ഏതു നിമിഷവും തോട്ടിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. 2018ലെ പ്രളയം മുതലാണ് തീരം ഇടിച്ചിൽ പതിവായതെന്നു നാട്ടുകാർ പറഞ്ഞു. തോടിനു സംരക്ഷണഭിത്തി നിർമിച്ചു തങ്ങളുടെ വീട് ഉൾപ്പെടെയുള്ളവ സംരക്ഷിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.ചെറുകിട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലാണ് തോട്. സംരക്ഷണഭിത്തി നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരാണ് ചെയ്യേണ്ടത്.