തിരുവനന്തപുരം -മൂഴിയാർ ബസ് സർവീസ്: സ്വീകരണം നൽകി
Mail This Article
സീതത്തോട്∙സർവീസ് പുനരാരംഭിച്ച തിരുവനന്തപുരം -മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസിനു ചിറ്റാർ മാർക്കറ്റ് ജംക്‌ഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് സർവീസ് നിർത്തുന്നത്. കഴിഞ്ഞ ആഴ്ച യുഎയിൽ എത്തിയ മന്ത്രി കെ.ബി ഗണേഷ്കുമാറിനു കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ മന്ത്രി ഉത്തരവിട്ടത്. സീതത്തോട് പാലം നിർമാണം നടക്കുന്നതിനാൽ വടശേരിക്കര -മണിയാർ വഴി ചിറ്റാറിൽ എത്തിയശേഷം പുതുക്കട- പ്ലാപ്പള്ളി ആങ്ങമുഴി-മൂഴിയാർ റൂട്ടിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പുലർച്ചെ 5.15ന് മൂഴിയാറിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 11.45 ന് തിരുവനന്തപുരത്ത് എത്തും.
പിന്നീട് ലുലു മാൾ -കഴക്കൂട്ടം ബൈപാസ് വഴി വെഞ്ഞാറമൂട്ടിൽ 12.30 നു സർവീസ് അവസാനിപ്പിക്കും. ഉച്ചയ്ക്ക് ശേഷം 2.20ന് വെഞ്ഞാറമൂട്ടിൽ നിന്ന് കഴക്കൂട്ടം ബൈപ്പാസ് വഴി തിരുവനന്തപുരത്ത് എത്തും. 3.30 നു തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര- അടൂർ -ചിറ്റാർ- ആങ്ങമുഴി വഴി മൂഴിയാറിൽ രാത്രി ഒമ്പതിന് എത്തും. സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.എസ് സോജു അധ്യക്ഷത വഹിച്ചു. ബി ഹനീഫ, എച്ച് ഹസൻ ബാവ, പെരുനാട് എസ്ഐ റെജി തോമസ്, പഞ്ചായത്ത് അംഗം ജോളി ആലാമേലേതിൽ, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസന്നൻ, നസീർ എന്നിവർ പ്രസംഗിച്ചു.കെയറിന്റെ ഉപഹാരം ഡ്രൈവർക്കും കണ്ടക്ടർക്കും കൈമാറി.