കാലാവസ്ഥ അനുകൂലമായ സമയത്ത് വെറുതെയിരുന്നു; മഴ വന്നപ്പോൾ റോഡ് പണി: തടഞ്ഞ് നാട്ടുകാർ
Mail This Article
ആനിക്കാട് ∙ പൊതുമരാമത്ത് റോഡുകളിൽ മഴക്കാലത്തെ അറ്റകുറ്റപ്പണികൾ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കൊച്ചുപറമ്പ്–തവളപ്പാറ, കൊച്ചുപറമ്പ്–മാരിയ്ക്കൽ–ആശുപത്രിപ്പടി, കൊച്ചുപറമ്പ്–കരിയംമാനപ്പടി റോഡുകളിലെ പുനരുദ്ധാരണ പ്രവൃത്തികളാണ് തടഞ്ഞത്.പഞ്ചായത്തിലെ 1, 2, 13 വാർഡുകളിൽകൂടി കടന്നുപോകുന്ന റോഡുകളാണിത്. റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കായി അനുമതി ലഭിച്ചിട്ട് ഒരുവർഷത്തോളമായെന്നും കാലാവസ്ഥ അനുകൂലമായ സമയത്തൊന്നും പണികൾ നടത്താതെ മഴസമയത്ത് നടത്തുവെന്നാരോപിച്ചാണ് പ്രവൃത്തികൾ തടഞ്ഞത്. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഇന്നലെയുമാണ് പണികൾ നടത്താനെത്തിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.
ആവശ്യമായ അളവിൽ ടാർ ഒഴിയ്ക്കാതെ കുഴികളിൽ മെറ്റൽ ഇടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും ഇവർ ജനപ്രതിനിധികളെ അറിയിക്കുകയുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ, അംഗങ്ങളായ തോമസ് മാത്യു, മോളിക്കുട്ടി സിബി, മാത്യൂസ് കല്ലുപുര എന്നിവരും നാട്ടുകാരായ എം.കെ. ബിനു, അനീഷ്കുമാർ എന്നിവർ സ്ഥലത്തെത്തി. പൊതുമരാമത്ത് അധികാരികളില്ലാതെ പണികൾ നടത്തുന്നതിനെ ചോദ്യം ചെയ്തു.
വിവരം പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ അറിയിക്കുകയും അദ്ദേഹം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് സമരക്കാർ പറയുന്നു. ഇന്നലെ രാവിലെ പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി പ്രവൃത്തികൾ പരിശോധിച്ചു. കുഴികളിലെ വെള്ളം മാറിയതിനുശേഷം പണികൾ പൂർത്തിയാക്കി തരാമെന്ന് അദ്ദേഹം രേഖാമൂലം സമ്മതിച്ചതായി ജനപ്രതിനിധികൾ അറിയിച്ചു.