നഗരസഭ കെട്ടിയ പഴയ അടിത്തറയിൽ കുടുങ്ങി ആയുർവേദ ആശുപത്രി നിർമാണ ഫണ്ട്
Mail This Article
തിരുവല്ല ∙ ഒന്നര പതിറ്റാണ്ടു മുൻപ് നിർമിച്ച അടിത്തറ കാരണം സർക്കാർ ആയുർവേദാശുപത്രിയുടെ പുതിയ കെട്ടിട നിർമാണം തുടങ്ങാൻ കഴിയാതെയായിട്ട് 7 വർഷം കഴിയുന്നു.കുറ്റപ്പുഴയിലെ സർക്കാർ ആയുർവേദ ആശുപത്രിക്കാണ് ഈ ദുരിതാവസ്ഥ. പുതിയ കെട്ടിടം നിർമിക്കുന്നതിനു പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 2016-17 ൽ 50 ലക്ഷം രൂപയും, 2017-18 ൽ 108.15 ലക്ഷം രൂപയും ചേർത്ത് ആകെ 1.58 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് സർക്കാർ അനുമതിയും ലഭിക്കുകയും തുക പത്തനംതിട്ട പിഡബ്ല്യൂഡി കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർക്ക് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ, കെട്ടിടം നിർമിക്കേണ്ട സ്ഥലത്ത് 14 വർഷം മുൻപ് ആശുപത്രി കെട്ടിടം നിർമിക്കുന്നതിന് നഗരസഭ ഫണ്ട് ഉപയോഗിച്ച് അടിത്തറയും പില്ലറുകളും എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം പണിതെങ്കിലും തുടർന്നുള്ള നിർമാണം മുടങ്ങി. നിലവിലുള്ള അടിത്തറ ഉപയോഗപ്പെടുത്തി മുകളിലേക്കുള്ള നിർമാണം നടത്താനുള്ള അനുമതി നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ നിന്നു ലഭിക്കാത്തതിനാൽ പിഡബ്ല്യൂഡിക്ക് കെട്ടിട നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല.
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ അവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നത്.കെട്ടിടം പണിയുന്നതിന് 14 വർഷം മുൻപ് പണിത അടിത്തറ നഗരസഭ പൊളിച്ചു നീക്കാമെന്നും, കെട്ടിടം പണി പിഡബ്ല്യൂഡി ചെയ്യണമെന്നും തീരുമാനമായെങ്കിലും അടിത്തറ ഇതുവരെ പൊളിച്ചു നീക്കാത്തതിനാൽ കെട്ടിട നിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനത്തിന് ഭരണാനുമതി ഉത്തരവു ലഭിച്ച് 3 വർഷം കഴിഞ്ഞതിനാൽ പ്രസ്തുത ഉത്തരവ് ഇനി പുതുക്കേണ്ടി വരും.ആശുപത്രിയിൽ നിലവിലുള്ള സ്ഥിതി തീരെ അസൗകര്യപ്രദമായ നിലയിലാണ്. 3 നിലയുള്ള ഒരു കെട്ടിടം മാത്രമാണുള്ളത്. ഇതിലാണ് 10 കിടക്കകളും 10 ഒപി വിഭാഗവും പ്രവർത്തിക്കുന്നത്.ഇതോടൊപ്പം മരുന്നു നിർമിക്കുന്ന മുറി, അടുക്കള, ഫാർമസി, സ്റ്റോർ തുടങ്ങിയവയുമുണ്ട്. 7 ഡോക്ടർമാരുള്ള ഒപിയിൽ ഒരു മുറിയിൽ 3 ഡോക്ടർമാർ വരെയാണ് ഇരിക്കുന്നത്.