ഇരവിപേരൂർ – പ്രയാറ്റു കടവ് റോഡിൽ എന്തുമാകാം
Mail This Article
ഇരവിപേരൂർ ∙ ഒരു കിലോമീറ്റർ ദൂരമുള്ള ഇരവിപേരൂർ – പ്രയാറ്റു കടവ് റോഡ് കുഴിച്ച് കേബിൾ ഇടാനുള്ള സ്വകാര്യ കമ്പനിയുടെ പ്രവൃത്തി തുടങ്ങിയിട്ട് ഒരു വർഷം. ഇതിനിടെ 4 പ്രാവശ്യം കുഴിച്ച റോഡ് പിന്നെയും കുഴിക്കുന്നതല്ലാതെ സഞ്ചാരയോഗ്യമാക്കിയില്ല. കഴിഞ്ഞ ദിവസം വീണ്ടും റോഡ് കുഴിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള സ്ഥലത്തെത്തി പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കല്ലൂപ്പാറയിൽ നിന്നു പ്രയാറ്റു കടവ് വഴി ഇരവിപേരൂരിലേക്കു സ്വകാര്യ കമ്പനിയുടെ കേബിൾ ഇടുന്നതാണ് പദ്ധതി. ഇതിനായി പഞ്ചായത്തിൽ അനുമതി വാങ്ങിക്കുകയും കുഴിക്കുന്ന റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് പഞ്ചായത്ത് ആവശ്യപ്പെട്ട 25 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്തു. ഒരു മീറ്റർ വീതിയിൽ റോഡ് കുഴിക്കുന്നതിനായിരുന്നു അനുമതി. സ്വകാര്യ കമ്പനി കേബിൾ ഇടുന്ന ജോലി കരാർ നൽകുകയായിരുന്നു. ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തിൽ ആയിരുന്നില്ല ജോലികൾ ചെയ്തത്. ഇതോടെ റോഡിന്റെ മിക്ക ഭാഗത്തും രണ്ടര മീറ്റർ വീതിയിൽ വരെ കുഴിയെടുത്തു.
കേബിൾ ഇട്ടെങ്കിലും കമ്പനി അധികൃതർ പരിശോധിച്ചപ്പോൾ ആവശ്യമായ താഴ്ചയിലല്ലെന്നു കണ്ടതോടെ വീണ്ടും കുഴിച്ച് കേബിൾ താഴ്ത്തി ഇടേണ്ടി വന്നു. അതിനുശേഷവും തകരാറുകൾ കണ്ടതോടെ വീണ്ടും കുഴിക്കലും കേബിൾ മാറ്റിയിടലും നടത്തി.ഒരു മാസം മുൻപ് കേബിൾ ഇട്ട ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗം പലയിടത്തും വീണ്ടും കുഴിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കമ്പനി കെട്ടിവച്ച 25 ലക്ഷം രൂപയ്ക്ക് റോഡ് പൂർവ സ്ഥിതിയിലാക്കാൻ കഴിയാത്ത വിധമാണ്.
ഇതോടെ കൂടുതൽ പണം ആവശ്യപ്പെട്ട് കമ്പനിക്ക് കത്തു നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത്. 2 മാസം മുൻപ് ഇതേ റോഡിൽ ജല അതോറിറ്റി പൈപ്പുകൾ കൊണ്ടിറക്കുകയുംചില ഭാഗം കുഴിച്ച് പൈപ്പിടുകയും ചെയ്തു. ഇതും പൂർത്തിയായിട്ടില്ലെന്നാണ് വിവരം. റോഡു പുനരുദ്ധാരണം നടത്തിയ ശേഷം വീണ്ടും ജല അതോറിറ്റി പൈപ്പിടാൻ കുഴിയെടുക്കാൻ എത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.ഒരു വർഷമായി ഇരവിപേരൂർ – പ്രയാറ്റു കടവ് റോഡ് ഉപയോഗിക്കുന്നവർ ദുരിതത്തിലാണ്. മഴ തുടർച്ചയായി പെയ്യുന്നതോടെ ദുരിതവും അപകടങ്ങളും കൂടുകയുമാണ്.