മൂടിയില്ലാത്ത ഓട; സ്വന്തം ചെലവിൽ സംരക്ഷണവേലി തീർത്ത് ഏബ്രഹാം വർഗീസ്
Mail This Article
വാര്യാപുരം∙ പൊതുമരാമത്ത് നിർമിച്ച ഓടയ്ക്ക് ഉള്ളിലേക്കു മാലിന്യം വലിച്ചെറിയൽ പതിവായപ്പോൾ സ്വന്തം കീശയിൽ നിന്നും പണം ചെലവാക്കി പരിഹാരമാർഗവുമായി പ്രദേശവാസിയായ ഗൃഹനാഥൻ. വാര്യാപുരം പുതിയത്ത് വീട്ടിൽ ഏബ്രഹാം വർഗീസാണു മൂടിയില്ലാത്ത ഓടയിലെ മാലിന്യപ്രശ്നത്തിനു തടയിട്ടത്. ഓടയ്ക്കു മുകളിൽ കമ്പി കൊണ്ടുള്ള സംരക്ഷണവേലി തീർത്താണ് ഇദ്ദേഹം പ്രതിരോധം ഉയർത്തിയത്.
ഇതോടെ, ഓടയ്ക്കുള്ളിൽ കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കൊണ്ടുതള്ളുന്നവരുടെ ദുശ്ശീലത്തിന് അറുതിയായി. പണച്ചെലവു വന്നെങ്കിലും സ്ഥലത്തു ശുചിത്വം ഉറപ്പാക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നു ഏബ്രഹാം വർഗീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടിനു മുന്നിലായാണിത്.സിമന്റ് ചാക്കുകളുമായി വന്ന വാഹനം നേരത്തെ ഓടയ്ക്ക് മുകളിലേക്ക് ചരിഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. ഓടയ്ക്ക് മുകളിൽ മൂടി ഇല്ലാത്തപ്പോഴായിരുന്നു ഇത്. നാശനഷ്ടം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിട്ടില്ല.