ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീട്ടമ്മ അറസ്റ്റിൽ
Mail This Article
റാന്നി ∙ ശബരിമല തീർഥാടനത്തിനു മുന്നോടിയായി വ്യാജ മദ്യവേട്ട ശക്തമാക്കി എക്സൈസ്. 13 ലീറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീട്ടമ്മയെ അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ മറിയാമ്മ രാജുവാണ് (67) അറസ്റ്റിലായത്. റാന്നി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്നാണ് റെയ്ഡ് നടത്തിയത്. ഭർത്താവ് രാജുവും ചേർന്നാണ് ഇവർ വാറ്റു നടത്തിയതെന്ന് എക്സൈസ് അറിയിച്ചു.
ഉദ്യോഗസ്ഥരെ കണ്ട് രാജു കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ശക്തമാക്കി. സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ശ്രീകുമാർ, പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ജിജി ബാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ശബരിമല തീർഥാടന കാലത്ത് വ്യാജമദ്യ നിർമാണം തടയുന്നതിനായി സർക്കിൾ ഓഫിസ് കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഷാഡോ വിഭാഗത്തെ നിയോഗിച്ചതായി സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുല്ല അറിയിച്ചു.