ADVERTISEMENT

ശബരിമല ∙ തീർഥാടനം സുഗമമാക്കുന്നതിനും സമഗ്രവികസനത്തിനുമായി 2006ൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ നടപടി തുടങ്ങി. 317 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ദേവസ്വം ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തി തർക്കം കാരണമാണ് പദ്ധതികൾ നടപ്പാക്കാനാവാതെ വന്നത്. ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതിനെത്തുടർന്നാണ് നടപടികളാരംഭിച്ചത്. പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽനിന്നു ഗണപതികോവിലിലേക്ക് സുരക്ഷാ പാലം (32 കോടി), തീർഥാടകരെ തിരിച്ചുവിടാൻ മാളികപ്പുറത്തുനിന്നു ചന്ദ്രാനന്ദൻ റോഡിലേക്ക് പാലം (40 കോടി), പുതിയ പ്രസാദ മണ്ഡപം, തന്ത്രി, മേൽശാന്തി മഠങ്ങൾ, തിരുമുറ്റം വികസനം (96 കോടി), നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷാ ഇടനാഴി, പിൽഗ്രിം സെന്റർ (145 കോടി), സന്നിധാനത്തെ അന്നദാന മണ്ഡപത്തിലും തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ (4 കോടി) എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ഉടൻ നടപ്പാക്കുന്ന പദ്ധതികൾ.

സുപ്രീംകോടതി നിർദേശപ്രകാരം 2006ലാണ് ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2007ൽ സംസ്ഥാന സർക്കാർ അംഗീകരിച്ചു.  പദ്ധതികൾ നടപ്പാക്കാൻ 2009ൽ ഹൈക്കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു. എന്നാൽ വനാതിർത്തി പ്രശ്നം ഉടലെടുത്തതോടെ പദ്ധതി അവതാളത്തിലായി. ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു സന്നിധാനത്തെ ദേവസ്വം ഭൂമി അളന്നു തിരിച്ചു ജണ്ട സ്ഥാപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ  ശബരിമല മേഖലയിൽ നടപ്പാക്കുന്ന നിർമാണങ്ങളുടെ കൃത്യമായ രൂപരേഖയും വിശദ വിവരങ്ങളും തയാറാക്കിയതോടെ തടസ്സം മാറി.

നിർമാണങ്ങൾ ഇങ്ങനെ
ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽനിന്ന് അയ്യപ്പ സേവാസംഘം ഓഫിസിന്റെ ഭാഗത്തേക്ക് 138 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുക. ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഗണപതികോവിലിന്റെ കര പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിന് നടപടി ആരംഭിച്ചു.

നിലയ്ക്കൽ അടിസ്ഥാന താവള വികസനത്തിനായി 145 കോടിയുടെ പദ്ധതിയിൽ പാർക്കിങ് ഗ്രൗണ്ടുകൾ‍, ഓഫിസ്, പിൽഗ്രിം സെന്ററുകൾ എന്നിവയെ ബന്ധിപ്പിച്ച് 9 കിലോമീറ്റർ പുതിയ റോഡ്, സുരക്ഷാ ഇടനാഴി, പുതിയ തടയണ നിർമിച്ച് അതിലെ വെള്ളം പമ്പ് ചെയ്ത് ഫിൽറ്റർ ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം, തീർഥാടക വിശ്രമ പവിലിയൻ, അന്നദാനമണ്ഡപം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, നടപ്പാത, ക്യാംപ് കൺട്രോൾ റൂം, ഉയരം കുറഞ്ഞ സ്ഥലങ്ങളിൽ പാലം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

ആഗോള അയ്യപ്പ സംഗമം ജനുവരി ആദ്യവാരം; പമ്പ വേദിയാകും
ശബരിമല ∙ ആഗോള അയ്യപ്പ സംഗമം ജനുവരി ആദ്യവാരം പമ്പയിൽ നടത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. തീർഥാടനം തുടങ്ങിയതിനാൽ ലോക കേരള സഭയുടെ മാതൃകയിൽ, ഒരുദിവസത്തെ പരിപാടി മതിയെന്നാണ് ദേവസ്വം ബോർഡ് യോഗത്തിലെ ധാരണ. റോപ്‌വേ പദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടത്താൻ കഴിയുമോയെന്നും നോക്കുന്നുണ്ട്.

സംഗമത്തിനു മുൻപ് റോപ്‌വേ പദ്ധതിക്ക് വനഭൂമി വിട്ടുകിട്ടാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള പരിശ്രമവും നടക്കുന്നു. രാജ്യത്തിനു പുറത്തുള്ള പ്രവാസികളായ അയ്യപ്പഭക്തരുടെ കൂട്ടായ്മയും ശബരിമല അടക്കം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വികസന–പുനരുദ്ധാരണ പ്രവർത്തനങ്ങളുമാണ് ലക്ഷ്യം.

ഹൈക്കോടതി നിർദേശം സ്വാഗതാർഹം: തന്ത്രി കണ്ഠര് രാജീവര്
ശബരിമല ∙ മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും അനാചാരമാണെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇത്തരം അനാചാരങ്ങൾ ഒഴിവാക്കണമെന്ന് പലതവണ അഭ്യർഥന നടത്തിയതാണ്. എന്നിട്ടും തുടരുകയാണ്.  മഞ്ഞൾപ്പൊടിയും   ഭസ്മവും നിക്ഷേപിക്കാൻ   മാളികപ്പുറത്ത് പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മാളികപ്പുറം ക്ഷേത്രത്തിലെ തേങ്ങ ഉരുട്ടൽ ഒഴിവാക്കണം’; മഞ്ഞൾപ്പൊടി വിതറുന്നതും മേൽക്കൂരയിലേക്കു തുണികൾ എറിയുന്നതും ഒഴിവാക്കണമെന്നും ഹൈക്കോടതി
കൊച്ചി ∙ മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ഭിത്തിയിൽ മഞ്ഞൾപ്പൊടി വിതറുന്നതും ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്കു തുണികൾ എറിയുന്നതും ആചാരമല്ലെന്നും ഒഴിവാക്കണമെന്നും ഹൈക്കോടതി. ഇത് ആചാരമല്ലെന്നു തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങൾ ഒഴിവാക്കണമെന്നു തീർഥാടകർക്കു വെർച്വൽക്യു പ്ലാറ്റ്ഫോമിലൂടെയും മാധ്യമങ്ങളിലൂടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഉത്തരവ്.

പതിനെട്ടാംപടിയിൽ ഫോട്ടോ ഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ചീഫ് പൊലീസ് കോഓർഡിനേറ്റർ എസ്.ശ്രീജിത്ത് അറിയിച്ചു. കോടതിയിൽ നേരിട്ട് ഹാജരായിരുന്ന എഡിജിപി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലവും നൽകി. ഇക്കാര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകേണ്ടത് ചീഫ് പൊലീസ് കോ ഓർഡിനേറ്ററാണെന്നു കോടതി പറഞ്ഞു. പരിചയ സമ്പന്നരായ പൊലീസുകാരെയാണ് ശബരിമലയിൽ ഇതുവരെ ഡ്യൂട്ടിക്കു നിയോഗിച്ചതെന്നും മികച്ച സേവനമാണ് പൊലീസ് നൽകുന്നതെന്നും കോടതി പറഞ്ഞു. പതിനെട്ടാം പടിയിലും ശ്രീകോവിലിനു സമീപവും വ്ലോഗർമാർ ഉൾപ്പെടെയുള്ളവർ ഫോട്ടോയെടുക്കുന്നതു തടയണമെന്നു കോടതി നിർദേശിച്ചു.

ഇല്ലെങ്കിൽ ദേവസ്വം ബോർഡിന്റെ അനുമതി വേണം. ഒന്നു മുതൽ ആറുവരെ ഏർപ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ചു പൊലീസ് ദേവസ്വം ബോർഡിനെയും സ്പെഷൽ കമ്മിഷണറെയും തീർഥാടകരെയും അറിയിക്കണം. നിലയ്ക്കൽ മുതൽ ഇക്കാര്യങ്ങൾ അനൗൺസുമെന്റിലൂടെ അറിയിക്കണം. ശബരിമല സന്നിധാനത്തെ മാഗുണ്ട അയ്യപ്പ നിലയത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകണം. തീർഥാടകർക്ക് ഇവിടെ സൗകര്യമൊരുക്കാനാവുമോയെന്ന കാര്യവും അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary:

This article details the long-awaited implementation of the Sabarimala Master Plan, highlighting key projects like new bridges, pilgrim centers, and improved safety measures. It also covers the upcoming Global Ayyappa Sangamam and recent High Court interventions regarding rituals and pilgrim management at the temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com