കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങൾ അണിയിച്ച് ചെറുശിൽപങ്ങൾ വിൽപനയ്ക്ക്
Mail This Article
അയിരൂർ കഥകളി ഗ്രാമം ∙ കളിയരങ്ങിൽ നിറഞ്ഞാടുന്ന പച്ചയും കത്തിയും കരിയും താടിയും ശിൽപങ്ങളായി ആസ്വാദകർക്ക് ഇടയിലേക്ക്. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അയിരൂർ കഥകളി ഗ്രാമത്തിൽ ആരംഭിച്ച കഥകളിക്കോപ്പ് നിർമാണ പരിശീലന കേന്ദ്രത്തിലാണ് കുമ്മിൾ തടിയിൽ തീർത്ത ശിൽപം നിർമിച്ച് അതിൽ കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങൾ അണിയിച്ച് ആവശ്യക്കാർക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവ കൂടാതെ ചുവപ്പ്, കറുപ്പ്, വെള്ള താടി വേഷങ്ങളും ആൺ, പെൺ കരിവേഷങ്ങളും ശിവൻ, ബ്രഹ്മാവ്, സൂര്യൻ എന്നീ പഴുക്ക വേഷങ്ങളുടെയും ശിൽപങ്ങൾ കലാകേന്ദ്രത്തിൽ നിർമിക്കും.
പൂർണമായും കുമ്മിൾ തടിയിൽ തീർത്ത ഒരടി കൃഷ്ണ വിഗ്രഹമാണ് ഇപ്പോൾ സജ്ജമായിരിക്കുന്നത്. ഒരടി മുതൽ ഒരാൾപ്പൊക്കം വരെയുള്ള കഥകളി ശിൽപങ്ങളാണ് കലാകേന്ദ്രത്തിൽ നിർമിക്കുന്നത്. കുമ്മിൾ തടിയിൽ നിർമിക്കുന്ന കഥകളി ശിൽപത്തിൽ കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങൾ അണിയിച്ച് വിൽപനയ്ക്ക് സജ്ജമാക്കും. പരമ്പരാഗതമായിട്ടുള്ള ആട്ടക്കോപ്പ് നിർമാണ വിധികളാണ് ശിൽപ നിർമാണത്തിനും അവലംബിക്കുന്നത്. അയിരൂർ കഥകളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കഥകളി മ്യൂസിയത്തിൽ പ്രവർത്തിക്കുന്ന കഥകളിക്കോപ്പ് നിർമാണ പരിശീലനത്തിൽ, പതിനഞ്ച് വനിതകൾ ചേർന്ന് ആരംഭിച്ച കഥകളിക്കോപ്പ് നിർമാണ സ്വയം സഹായ സംഘത്തിലെ അംഗങ്ങളാണ് പരിശീലനം നേടി ശിൽപങ്ങൾ നിർമിച്ചു തുടങ്ങിയത്.
കഥകളി കലാകാരനും കഥകളി ശിൽപ വിദഗ്ധനുമായ കരിക്കകം ത്രിവിക്രമനാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്. പള്ളിയോട ശിൽപി അയിരൂർ ചെല്ലപ്പനാചാരിയും പരിശീലകനായുണ്ട്. കഥകളി ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന ഭാരതത്തിലെ ഏക പോസ്റ്റ് ഓഫിസ് ഉള്ള പ്രദേശം കൂടിയാണിത്. ഇരുനൂറ് വർഷത്തെ കഥകളി പാരമ്പര്യമുള്ള സ്ഥലമാണ് അയിരൂർ. തെക്കൻ ചിട്ടയിൽ കഥകളി അഭ്യസിപ്പിക്കുന്ന ഒട്ടേറെ കളരികൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു. കേരള കലയോട് ഇഴുകി ചേർന്ന ഗ്രാമത്തിന് മറ്റൊരു തിലകക്കുറി കൂടിയാകുകയാണ് കഥകളി ശിൽപ നിർമാണം.