വല്യമ്മാമ്മയുടെ വേർപാടിന്റെ ദുഃഖം മറന്ന് ദഫ്മുട്ട് വേദിയിൽ തിളങ്ങി അൽ അമാൻ
Mail This Article
തിരുവല്ല ∙ ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയ എംജിഎം എച്ച്എസ്എസ് ഹൈസ്കൂൾ ടീമിലെ അൽ അമാന്റെ മനസ്സുനിറയെ വല്യമ്മാമ്മയായിരുന്നു. ഇന്നലെ പുലർച്ചെയാണ് അൽ അമാന്റെ പിതാവ് പായിപ്പാട് കിഴക്കേക്കുറ്റ് അയൂബ്ഖാന്റെ മാതാവ് നബീസ ബീവി മരിച്ചത്. വല്യമ്മാമ്മയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അമാൻ മത്സരത്തിന് പോകാൻ തയാറായിരുന്നില്ല.
വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് പിന്നീട് മത്സരത്തിനെത്തി അൽ അമാനും സംഘവും നേടിയത് ഒന്നാം സ്ഥാനം. നബിസ ബിവിയുടെ ഖബറടക്കം ഉച്ചയ്ക്ക് ഒന്നിന് തീരുമാനിച്ചിരുന്നു. 11.20 നടന്ന മത്സരം കഴിഞ്ഞയുടനെ ബന്ധുക്കളോടൊപ്പം പായിപ്പാട്ടേക്കു തിരിച്ചു. പായിപ്പാട് പുത്തൻപള്ളി ജുമാ മസ്ജിദിലെ ഖബറടക്കം കഴിഞ്ഞ് അമാൻ തിരിച്ചെത്തിയ ശേഷമാണ് കൂട്ടുകാർപോലും ഫോട്ടോയ്ക്കായി പോസ് ചെയ്തത്.
കഥപറഞ്ഞ് സമ്മാനം നേടി കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ
തിരുവല്ല ∙ കഥാപ്രസംഗ വേദി കീഴടക്കി കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജേതാക്കളായത് ഡിബിഎച്ച്എസ്എസാണ്. എം.എ.ബാലാമണിയുടെ നേത്വത്തിലുള്ള ടീം എൻഡോസൾഫാൻ ദുരിതത്തിന്റെ കഥ പറഞ്ഞാണ് യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. അമൃതശ്രീ വി.പിള്ളയുടെ എച്ച്എസ് സംഘം ദുര്യോധനന്റെ കഥ പറഞ്ഞാണ് വിജയം നേടിയത്. കഥാപ്രസംഗ മത്സരത്തിൽ പല ടീമുകളും എത്തിയത് ഒറ്റയ്ക്ക് കഥ പറഞ്ഞാണ്.തബലയും ഹാർമോണിയവുമായി 5 പേർക്കു വരെ പങ്കെടുക്കാമെങ്കിലും വാദ്യമേളത്തിന് ആളെ കിട്ടാതെ വന്നവരാണ് ഒറ്റയ്ക്ക് കഥ പറഞ്ഞത്.
ഹാട്രിക് നേടി അനുപമ നടനം!
തിരുവല്ല ∙ നാടോടി നൃത്തത്തിൽ അനുപമ നടനം കാഴ്ചവച്ച് വിജയം നേടി അനുപമ അനിൽ. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിനാണ് കാതോലിക്കേറ്റ് എച്ച്എസ്എസിലെ അനുപമ അനിൽ ഒന്നാം സ്ഥാനം നേടിയത്.റവന്യു ജില്ലാ കലോത്സവത്തിലെ തുടർച്ചയായ ഹാട്രിക് വിജയമാണ് അനുപമയുടേത്. കഴിഞ്ഞ 2 തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.മകളുടെ നൃത്ത പഠനത്തിന് പൂർണ പിന്തുണയുമായി അച്ഛൻ അനിൽ കുമാറും അമ്മ രജിത അനിലും ഒപ്പമുണ്ട്. ഇത്തവണ ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്.
കലോത്സവവേദിയിൽ ഇന്ന് ഗോത്രകലാ മേളം
തിരുവല്ല ∙ കലോത്സവത്തിന്റെ ആവേശം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആസ്വാദകരെ ആകർഷിക്കുകയാണ് ഗോത്രകലകൾ. സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലാ രൂപങ്ങൾ കലോത്സവത്തിന്റെ അരങ്ങിലെത്തുന്നത്. പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന വടശേരിക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്നടക്കം ടീമുകൾ വിവിധയിനങ്ങളിൽ ഇന്ന് മാറ്റുരയ്ക്കും. ഒരു സ്കൂളിന് മൂന്ന് ഇനങ്ങളിലാണ് പങ്കെടുക്കാനാവുക. മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നീ ഇനങ്ങളിലാണ് ഇന്ന് വേദി ഒന്നിൽ മത്സരങ്ങൾ നടക്കുക.
∙ഇരുള നൃത്തം– പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഇരുള സമുദായത്തിൽപെട്ടവരുടെ പരമ്പരാഗത കലാരൂപമാണ് ഇരുളനൃത്തം. ആഘോഷവേളകളിലും മരണാനന്തര ചടങ്ങുകളിലുമാണ് ഇരുളനൃത്തം അവതരിപ്പിക്കുന്നത്. തമിഴും കന്നഡയും കലർന്ന ഭാഷയിലാണ് പാട്ടുകൾ. തുകൽ, മുള, മരം തുടങ്ങിയവ കൊണ്ടുള്ള വാദ്യങ്ങളാണ് നൃത്തത്തിന് അകമ്പടിയായി ഉണ്ടാകുന്നത്.
∙മലപ്പുലയാട്ടം– ഇടുക്കിയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിന്റെ ഗോത്രകലയാണ് മലപ്പുലയാട്ടം. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് അവരുടെ പരമ്പരാഗത വേഷങ്ങളണിഞ്ഞാണ് മലപ്പുലയാട്ടത്തിൽ പങ്കെടുക്കുന്നത്. ചിക്കുവാദ്യം, ഉറുമി, കിടിമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പാട്ടില്ലാതെ താളംമാത്രമാണ് ഇതിൽ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
∙പണിയനൃത്തം– വയനാട് ജില്ലയിലെ പണിയവിഭാഗക്കാരുടെ കലാരൂപമാണ് പണിയനൃത്തം. വട്ടക്കളി, കമ്പക്കളി എന്ന ഗോത്രകലകളെ സമുന്വയിപ്പിച്ചാണ് പണിയനൃത്തത്തിലേക്ക് എത്തിയത്. നൃത്തത്തിൽ പങ്കെടുക്കുന്നവർ വട്ടത്തിൽനിന്ന് ചുവടുവയ്ക്കുന്നതാണ് രീതി. 3 പുരുഷന്മാർ ചേർന്ന് കൊട്ടുന്ന തുടിയുടെ താളത്തിലാണ് സ്ത്രീകൾ നൃത്തം ചെയ്യുന്നത്.
∙പളിയനൃത്തം– ഇടുക്കി ജില്ലയിലെ കുമളിയിലുള്ള പളിയർ ആദിവാസി വിഭാഗത്തിന്റെ നൃത്തരൂപമാണ് പളിയനൃത്തം. മഴ, രോഗമുക്തി, ആയുരാരോഗ്യം എന്നിവയ്ക്കു വേണ്ടിയാണ് സാധാരണ ഈ നൃത്തരൂപം അവതരിപ്പിക്കപ്പെടുന്നത്. മുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക, എന്നിവയാണ് വാദ്യേപകരണങ്ങൾ.
∙മംഗലംകളി– ഉള്ളുള്ളേരി എന്ന പേരിലും അറിയപ്പെടുന്നു. മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിലുള്ള സംഗീത–നൃത്ത കലാരൂപമാണിത്. വിവാഹാഘോഷങ്ങളിലാണ് നൃത്തം കൂടുതലായും അവതരിപ്പിക്കുന്നത്. തുടിയുടെ താളത്തിൽ സ്ത്രീകളും പുരുഷന്മാരും നൃത്തം ചവിട്ടും. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടികളും ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലും ഉപയോഗിച്ച് നിർമിക്കുന്ന തുടിയാണ് താളവാദ്യമായി ഉപയോഗിക്കുന്നത്.
കലയുടെ കരുത്ത്; പരിമിതികൾ കീഴടങ്ങി
തിരുവല്ല ∙ കല നൽകിയ കരുത്തുകൊണ്ട് പരിമിതികളെ കീഴടക്കി വള്ളംകുളം നാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ടി.ആർ.അഭിമന്യു പിള്ള. ഹൈസ്കൂൾ വിഭാഗം മൃദംഗത്തിലാണ് അഭിമന്യു പ്രതിഭ പ്രകടിപ്പിച്ചത്. ജന്മനാ തന്നെ അസുഖങ്ങളോട് പൊരുതുന്ന അഭിമന്യു നാല് ശസ്ത്രക്രിയകൾക്ക് ശേഷമാണ് എഴുന്നേറ്റു നടക്കുന്നത്. പടയണി സംഗീതത്തിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
5 വർഷമായി മൃദഗം അഭ്യസിക്കുന്ന അഭിമന്യു തുടക്കത്തിൽ കസേരയിൽ ഇരുന്നായിരുന്നു മൃദംഗം വായിച്ചിരുന്നത്. മകന്റെ മൃദംഗത്തോടുള്ള താൽപര്യം തിരിച്ചറിഞ്ഞ രക്ഷിതാക്കളായ രാജേഷ് തോണിപ്പുറത്തും യമുനയും അഭിമന്യുവിന് മൃദഗം അനായാസം കൈകാര്യം ചെയ്യാനാകുന്ന വിധത്തിൽ ഇരിപ്പിടവും സ്റ്റാൻഡും നിർമിച്ചു നൽകുകയായിരുന്നു.
വസുദേവിന് ഡബിൾ വിക്ടറി
തിരുവല്ല ∙ നൃത്തമാണ് വസുദേവിന്റെ പ്രിയ വിനോദം. റവന്യു ജില്ലാ കലോത്സവത്തിൽ കേരളനടനത്തിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് വസുദേവ്. പുല്ലാട് എസ്‌വി എച്ച്എസിലെ 9–ാം ക്ലാസ് വിദ്യാർഥിയാണ്. നാടോടി നൃത്തത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു.
അപ്പീലിലൂടെ നാടോടി നൃത്തത്തിലും സംസ്ഥാന തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വസുദേവ്. അച്ഛൻ വിനോദ് ചന്ദ്രശേഖറും അമ്മ ജിഷ എസ്.നായരും അനുജൻ ജയനാരായണുമാണ് വസുദേവിന് പിന്തുണയുമായി ഒപ്പമുള്ളത്. ആർഎൽവി ജയപ്രകാശ് നാരായണാണ് നൃത്തം പഠിപ്പിക്കുന്നത്.
ഇഷാനിക്ക് ഇഷ്ടം ഭരതനാട്യം
തിരുവല്ല ∙ ഇഷാനി എന്നാൽ പാർവതി. ശിവന്റെ കഥ പ്രമേയമാക്കി ഇഷാനി അവതരിപ്പിച്ച ഭരതനാട്യത്തിന് യുപി പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം. 4 വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ചേച്ചി പല്ലവിയാണ് ഇഷാനിയുടെ ഏറ്റവും വലിയ പ്രചോദനം. മക്കളോടൊപ്പം നൃത്തം പഠിച്ച അമ്മ ബിന്ദു കെ.നായരുടെ അരങ്ങേറ്റവും കുറച്ചുനാൾ മുൻപു കഴിഞ്ഞതേയുള്ളൂ.
പുല്ലാട് എസ്‌വി എച്ച്എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഇഷാനി. മകളുടെ ഇഷ്ടത്തിന് പൂർണ പിന്തുണയുമായി അച്ഛൻ സി.രാജേഷും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം നടന്ന നാടോടി നൃത്തത്തിനും എ ഗ്രേഡ് ലഭിച്ചിരുന്നു. പല്ലവിയുടെ ഗുരുവായ ആർഎൽവി ജയപ്രകാശ് തന്നെയാണ് ഇഷാനിയെയും നൃത്തം അഭ്യസിപ്പിക്കുന്നത്. ഇത്തവണ ഭരതനാട്യത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർഥികൾക്കും എ ഗ്രേഡ് ലഭിച്ചു.
വിജയക്കുതിപ്പു തുടർന്ന് പത്തനംതിട്ട ഉപജില്ല
തിരുവല്ല ∙ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം അവസാനിക്കുമ്പോൾ പോയിന്റ് നിലയിൽ ഒന്നാമതെത്തി പത്തനംതിട്ട ഉപജില്ല. 649 പോയിന്റുകളുമായാണ് പത്തനംതിട്ട കുതിപ്പ് തുടരുന്നത്. 617 തിരുവല്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 597 പോയിന്റുകളുമായി കോന്നി ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. മല്ലപ്പള്ളി–564, ആറന്മുള–553, പന്തളം–552, അടൂർ–549, റാന്നി–499, കോഴഞ്ചേരി–434, വെണ്ണിക്കുളം–430, പുല്ലാട്–399 എന്നിങ്ങനെയാണ് പോയിന്റ് നില.
കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ് 332 പോയിന്റുമായി സ്കൂൾതലത്തിൽ ഒന്നാമതെത്തി. 217 പോയിന്റുകളുമായി വെണ്ണിക്കുളം സെന്റ് ബെഹനാൻസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 192 പോയിന്റുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
കലോത്സവത്തിന് ഇന്ന് തിരശീല വീഴും
തിരുവല്ല ∙ ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും. ഇന്ന് വേദി ഒന്നിൽ 9 മുതൽ മംഗലം കളിയും ഇരുളനൃത്തവും നടക്കും വേദി 2ൽ ഗോത്രകലകളായ പണിയനൃത്തം, പളിയനൃത്തം, മലയപുലയആട്ടം എന്നിവ നടക്കും. വേദി മൂന്നിൽ കോൽക്കളിയും യക്ഷഗാനവും വേദി നാലിൽ അറബി പദ്യം ചൊല്ലലും പ്രസംഗവും നടക്കും. തിരുമൂലവിലാസം യുപി സ്കൂളിലെ അഞ്ചാം വേദിയിൽ കുച്ചിപ്പുടിയും വേദി 6 ൽ പൂരക്കളിയും 7 ൽ അക്ഷരശ്ലോകവും 8 ൽ കഥകളി സംഗീതവുമാണ്. സെന്റ് തോമസ് എച്ച്എസ്എസിലെ വേദി 10ൽ ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് എന്നിവയും 11 ൽ കന്നഡ പദ്യം ചൊല്ലലും പ്രസംഗവും നടക്കും.