ഉദ്ദിഷ്ടകാര്യത്തിന് മാളികപ്പുറത്ത് 'നാളികേരം ഉരുട്ടൽ' ചടങ്ങായി മാറി
Mail This Article
ശബരിമല ∙ ആചാരം അല്ലെങ്കിലും ഉദ്ദിഷ്ടകാര്യത്തിന് മാളികപ്പുറം ശ്രീകോവിലിനു ചുറ്റും നാളികേരം ഉരുട്ടുന്നത് ചടങ്ങായി മാറി. ദിവസവും നൂറുകണക്കിനു തീർഥാടകരാണ് ഇവിടെ നാളികേരം ഉരുട്ടാൻ എത്തുന്നത്. മാളികപ്പുറത്ത് ദർശനവും വഴിപാടും നടത്തിയ ശേഷമാണ് തീർഥാടകർ നാളികേരം ഉരുട്ടുന്നത്. കൊച്ചുകുട്ടികൾ, പ്രായമായവർ എന്നിവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. നാളികേരം ഉരുട്ടുന്നതും ശ്രീകോവിലിനു ചുറ്റും മഞ്ഞൾപ്പൊടി വിതറുന്നതും മറ്റുള്ള ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മാളികപ്പുറത്ത് ഉരുട്ടുന്ന നാളികേരം ശേഖരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. ഉരുട്ടാനുള്ള നാളികേരം വിൽക്കാൻ കരാറുകാരനും ഉണ്ട്.
ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾപ്പൊടിയും മണിമണ്ഡപത്തിനു ചുറ്റും ഭസ്മവും വിതറുന്നതു പതിവാണ്. ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾപ്പൊടി ഇടുന്നത് ആചാരമല്ലെന്നു ഹൈക്കോടതി ഓർമപ്പെടുത്തിയിട്ടുണ്ട്. കാറ്റടിക്കുമ്പോൾ മഞ്ഞൾപ്പൊടി പറക്കുന്നത് തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പൊടി പറക്കാതിരിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും ക്ഷേത്രനട അടച്ച ശേഷം മാളികപ്പുറം, മണിമണ്ഡപം, നാഗരാജാവ്, മല ദൈവങ്ങൾ എന്നിവരുടെ നടയും തിരുമുറ്റവും കഴുകി വൃത്തിയാക്കുന്നത് ആശ്വാസമാകുന്നുണ്ട്.
മഴ സാധ്യത: പമ്പയിൽ ജലനിരപ്പ് ക്രമീകരിച്ചു
ശബരിമല ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നു തമിഴ്നാട്ടിലെ കനത്ത മഴയുടെ പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നു പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. പമ്പയിൽ മുന്നൊരുക്കങ്ങൾ നടത്തി. എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ജലസേചനം, വൈദ്യുതി, ദുരന്തനിവാരണം, പൊലീസ്, അഗ്നിരക്ഷാസേന, കേന്ദ്ര ദ്രുതകർമസേന എന്നിവരുടെ യോഗം ചേർന്നു മുൻകരുതൽ നിശ്ചയിച്ചു. ഇതനുസരിച്ചു പമ്പാനദിയിൽ ജലസേചന വകുപ്പിന്റെ ത്രിവേണി, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണയിലെ ജലനിരപ്പ് 30 സെന്റീമീറ്റർ കുറച്ചു.
ത്രിവേണി പമ്പ് ഹൗസിനു സമീപത്തെ തടയണയിലാണു പ്രധാനമായും വെള്ളം സംഭരിക്കുന്നത്. ഇത് കവിഞ്ഞൊഴുകി എത്തുന്ന വെള്ളമാണ് ആറാട്ടുകടവിൽ തടഞ്ഞു നിർത്തി തീർഥാടകർക്ക് സ്നാനത്തിനു നൽകുന്നത്. ആറാട്ടുകടവിലെ തടയണ 3 നേരവും തുറന്നു വിട്ട് മലിനജലം ഒഴുക്കിക്കളയുന്നുണ്ട്. ത്രിവേണി തടയണ തുറന്നു വിട്ട് നല്ല വെള്ളം ആറാട്ട് കടവിൽ നിറച്ചാണ് തീർഥാടകർക്ക് കുളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും ഇന്നലെ മഴ പെയ്തില്ല. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ഒഴിവാക്കാം ആരോഗ്യ പ്രശ്നം
ശബരിമല ∙ മലകയറുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദർശനത്തിന് എത്തുന്നതിനു മുൻപ് ലഘു വ്യായാമവും നടത്തവും വേണമെന്ന് ആരോഗ്യവകുപ്പ്. പമ്പയിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ഉണ്ട്. ഫോൺ നമ്പർ 04735- 203232 . ഇവിടേക്ക് വിളിച്ച് അടിയന്തര സാഹചര്യ വിവരങ്ങൾ, സ്ഥലം എന്നിവ അറിയിച്ചാൽ ഉടൻ ഏറ്റവും അടുത്ത അടിയന്തര മെഡിക്കൽ യൂണിറ്റിൽ നിന്ന് സ്റ്റാഫ് നഴ്സ് ഉൾപ്പെടെ ഉള്ളവരുടെ സേവനം ലഭിക്കും. ഒപ്പം സ്‌ട്രെക്ചറുകൾ, ആംബുലൻസ് എന്നിവയും ക്രമീകരിക്കും. പുറമേ രോഗികളെ സ്വീകരിക്കാൻ ഏറ്റവും അടുത്തുള്ള ആശുപത്രിക്ക് വിവരം കൈമാറും. ഹോട്‌ലൈൻ ഫോൺ വഴിയാണ് ഏകോപനം നടപ്പാക്കുന്നതെന്ന് നോഡൽ ഓഫിസർ ഡോ കെ കെ ശ്യാംകുമാർ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
∙മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിച്ചു സാവധാനം മാത്രം യാത്ര തുടരുക.
∙ആവശ്യമെങ്കിൽ കാനന പാതയിൽ ക്രമീകരിച്ചിട്ടുള്ള അടിയന്തര മെഡിക്കൽ യൂണിറ്റിൽ കയറി ഓക്സിജൻ എടുക്കണം.
∙വയർ നിറയെ ഭക്ഷണം കഴിച്ച് മലകയറരുത്. ലഘുഭക്ഷണം ആകാം.
∙നിർജലീകരണം ഒഴിവാക്കാൻ ചൂട് വെള്ളം കുടിക്കണം. സോഡാ പാനീയങ്ങൾ ഒഴിവാക്കുക.
∙മല കയറുന്നതിനു മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ പമ്പയിലെ ആശുപത്രിയിൽ ചികിത്സ തേടണം.
∙സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. യാത്രയിൽ മരുന്ന് കുറിപ്പടികൾ കൈവശം കരുതണം. സ്വയം ചികിത്സ ഒഴിവാക്കണം.
∙പേശിവലിവ് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.
∙പാമ്പ് കടിയേറ്റാൽ ശരീരം അനക്കാതെ സൗകര്യപ്രദമായി ഇരിക്കണം. മുറിവ് കത്തിയോ ബ്ലേഡോ ഉപയോഗിച്ചു വലുതാക്കരുത്. മുറിവേറ്റ ഭാഗം മുറുക്ക് കെട്ടരുത്. വിഷം ഊറ്റിയെടുക്കാൻ ശ്രമിക്കുന്നതും അപകടമാണ്. കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കരുത്.
∙പമ്പ്കടിയേറ്റാൽ ഉടൻ എമർജൻസി മെഡിക്കൽ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് ചികിത്സ തേടണം. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്,നിലയ്ക്കൽ തുടങ്ങി എല്ലാ ആശുപത്രികളിലും ആന്റിവെനം സജ്ജമാക്കിയിട്ടുണ്ട്.
∙എമർജൻസി മെഡിക്കൽ കൺട്രോൾ റൂം ഫോൺ 04735- 203232.
ഭക്തമനം നിറച്ച് ഇടത്താവളത്തിൽ
വടശേരിക്കര ∙ ശരണ മന്ത്രങ്ങളുടെ ഭക്തിയിൽ ഇടത്താവളത്തിനിത് ഉത്സവ കാലം. പകലും രാത്രിയും മുഴങ്ങി കേൾക്കുന്നത് ശരണ മന്ത്രങ്ങൾ മാത്രം. തിരക്കേറിയതോടെ ഭക്ഷണം പാകം ചെയ്തു കഴിച്ചു മടങ്ങുന്ന തീർഥാടകരുടെ എണ്ണവും വർധിച്ചു. മണ്ണാരക്കുളഞ്ഞി–പമ്പ പാതയിലെ പ്രധാന ഇടത്താവളമാണ് വടശേരിക്കര. കല്ലാറും പമ്പാനദിയും സംഗമിക്കുന്ന ഇവിടെ തീർഥാടകർക്കു കുളിക്കാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനുമെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറുകാവ് ദേവീക്ഷേത്രത്തിലും പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് തീർഥാടകർ വിരിവച്ചു വിശ്രമിക്കുന്നത്.
വാനുകളിലും ബസുകളിലും എത്തുന്ന തീർഥാടകർ ശബരിമലയ്ക്കുള്ള യാത്രാ മധ്യേ വടശേരിക്കര ഇടത്താവളങ്ങളിൽ തങ്ങും. പാചക വാതകം, സ്റ്റൗ, പലചരക്ക് പച്ചക്കറി സാധനങ്ങൾ, പാചകക്കാർ എന്നിവരുമായിട്ടാണ് തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗുരുസ്വാമിമാർ എത്തുന്നത്. തീർഥാടകർ വിരിവച്ചു വിശ്രമിക്കുകയും ദേഹശുദ്ധി വരുത്തുകയും ചെയ്യുമ്പോൾ പാചകക്കാർ ഭക്ഷണം ഒരുക്കും.