തെള്ളിയൂരിൽ ചൂട്ടുവച്ചു; ഇനി പടയണിക്കാലം, അടവി നാളെ

Mail This Article
തെള്ളിയൂർ∙ തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടമ്പലത്തിൽ മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്കു ചൂട്ടുവച്ചു. പാരമ്പര്യ അവകാശികളുടെ പ്രതിനിധി അശോക് ആർ. കുറുപ്പ് ആണ് ചൂട്ടു വച്ചത്. കളമെഴുതിപ്പാട്ടിനു ശേഷം പച്ചതപ്പിൽ ജീവ കൊട്ടിയാണ് ചടങ്ങ് ആരംഭിച്ചത്. തളകല്ലിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്നതോടെ ആർപ്പോ. ഇയ്യോ വിളികൾ ഉയർന്നു. ക്ഷേത്രത്തിനു പടയണി കലാകാരൻമാരും ഭക്തരും ചേർന്ന് ചൂട്ടു കറ്റയുമായി വലം വച്ചു.
ദേശക്കാരും കരക്കാരും മുറിക്കാരും വന്നിട്ടുണ്ടോ, ചൂട്ടു വയ്ക്കട്ടെയെന്ന് മൂന്നുവട്ടം അനുവാദം ചോദിച്ചാണു ചൂട്ടു വച്ചത്. പുലവൃത്തം, ഗണപതി, പിശാച് കോലങ്ങൾ അരങ്ങേറി. ഇന്ന് ഗണപതി, പക്ഷി, യക്ഷി, മാടൻ, മറുത എന്നീ പഞ്ചകോലങ്ങളാണ് പ്രധാനം. നാളെ തെള്ളിയൂർക്കാവ് പടയണിയിലെ പ്രമുഖമായ ചൂരൽ അടവി നടക്കു.ം വൈകിട്ട് 4ന് പകലടവിയും . രാത്രി 12ന് വെച്ചൊരുക്ക് പിന്നീട് ചൂരൽ അടവിക്കായി കളം നിറയും.23നും 24നും വഴിപാട് കോലങ്ങൾ കളത്തിലുറയും. 25ന് വലിയപടയണിയും നടക്കും.