ശബരിമല തീർഥാടകർക്കു ഭീഷണിയായി 2 രാജവെമ്പാലകൾ; മരത്തിന്റെ പൊത്തിൽ ഒളിച്ചു, പിടിക്കാൻ കഴിഞ്ഞില്ല

Mail This Article
ശബരിമല ∙ തീർഥാടകർക്കു ഭീഷണിയായി പാണ്ടിത്താവളത്തിൽ 2 രാജവെമ്പാലകൾ. 4 മണിക്കൂർ നീണ്ട പരിശ്രമം നടത്തിയിട്ടും പൊത്തിൽ ഒളിച്ച പാമ്പിനെ പിടിക്കാൻ കഴിഞ്ഞില്ല. പുല്ലുമേട് പാതയിൽ പാണ്ടിത്താവളം ശുദ്ധജല സംഭരണിക്കു സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടത്. തീർഥാടന പാതയിലൂടെ 2 രാജവെമ്പാലകൾ ഇഴഞ്ഞു നീങ്ങുന്നത് പാണ്ടിത്താവളം ഡ്യൂട്ടിയിലുള്ള പൊലീസുകാരാണു കണ്ടത്. ഉടൻ തന്നെ വനപാലകരെ വയർലെസ് സന്ദേശത്തിലൂടെ പൊലീസ് വിവരം അറിയിച്ചു. സന്നിധാനം വനം ഓഫിസിലെ പാമ്പുപിടുത്ത വിദഗ്ധൻ സുരേഷ് ആര്യങ്കോടിന്റെ നേതൃത്വത്തിലുള്ള സംഘം ഓടി എത്തി. വനപാലകർ എത്തുന്നതു വരെ ഇത് എങ്ങോട്ടാണു നീങ്ങുന്നതെന്നു നിരീക്ഷിച്ചു പൊലീസും കാത്തുനിന്നു. വനത്തിലേക്ക് ഇറങ്ങുന്നെങ്കിൽ പോട്ടെ എന്നു കരുതി ശബ്ദം ഉണ്ടാക്കാതെയാണു നിന്നത്. പുല്ലുമേട് തീർഥാടന പാതയിലൂടെ ഇഴഞ്ഞ് ഉരക്കുഴി ഭാഗത്തേക്കു നീങ്ങി.
ആയിരക്കണക്കിനു തീർഥാടകരാണ് ഉരക്കുഴി തീർഥത്തിൽ കുളിക്കാൻ എത്തുന്നത്. അവർക്കു ഭീഷണിയാകുമെന്നു കണ്ടപ്പോൾ പൊലീസ് ഇടപെട്ട് തിരിച്ച് ഓടിക്കാൻ ശ്രമിച്ചു. തിരിച്ച് ഇഴയാൻ തുടങ്ങിയപ്പോഴേക്കും പാമ്പുപിടുത്തക്കാർ എത്തി. പിടിക്കാൻ ശ്രമിക്കുന്നതിനിടെ ജലസംഭരണിയുടെ അടുത്തുള്ള മരത്തിന്റെ പൊത്തിലേക്കു കയറി. 8 അടിയിൽ കൂടുതൽ നീളവും 25 സെന്റീമീറ്റർ ചുറ്റളവുമുള്ള വലിയ പാമ്പായിരുന്നു. മരത്തിന്റെ പൊത്തിലേക്കു പകുതിയിൽ കൂടുതൽ കയറിയ ശേഷമാണ് പാമ്പ് വിദഗ്ധൻ സുരേഷ് ആര്യങ്കോടിന് അതിന്റെ വാലിൽ പിടികിട്ടിയത്. ഇറക്കാൻ ശ്രമിച്ചിട്ടു നടന്നില്ല.
അപ്പോഴേക്കും വാൽ സുരേഷിന്റെ കൈയിൽ ചുറ്റി. പാമ്പും ഭയന്നതായി തോന്നി. അത് തനിയെ വാലിലെ ചുറ്റഴിച്ചു. അപ്പോഴേക്കും പിടിവിട്ടു. പൊത്തിൽ നിന്ന് ഇറങ്ങുമ്പോൾ പിടിക്കാനായി വനപാലകരും തീർഥാടകരെ നിയന്ത്രിച്ച് പൊലീസും കാത്തുനിന്നു, മൂന്നു മണിക്കൂറിനു ശേഷം പുറത്തിറങ്ങാനായി ഇത് വെളിയിലേക്ക് തലയിട്ടു നോക്കി. പാമ്പുപിടുത്തക്കാർ വെളിയിൽ ഉണ്ടെന്നു കണ്ടതോടെ വേഗം തല ഉള്ളിലേക്കു വലിച്ചു. രാത്രി വൈകിയതും വെളിച്ചക്കുറവും ഇതിനെ പിടിക്കുന്നത് അപകടമാണെന്നു കണ്ടതോടെ 4 മണിക്കൂറിനു ശേഷം വനപാലകർ മടങ്ങി. അപ്പോഴും പൊലീസ് നിരീക്ഷണവുമായി അവിടെ തന്നെയുണ്ട്.