റേഷനരിയിലും കയ്യിട്ടു വാരൽ; ക്രമക്കേട് കണ്ടെത്തിയത് 364 റേഷൻ കടകളിൽ
Mail This Article
പത്തനംതിട്ട ∙ ജില്ലയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ നടത്തിയ റേഷൻ ഡിപ്പോ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയത് 364 റേഷൻ കടകളിൽ. ഈ കാലയളവിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് അനർഹമായി കൈവശംവച്ച 1180 റേഷൻ കാർഡുകൾ. അനർഹമായ കാർഡുകൾ ഉപയോഗിച്ചുവന്നതിന് 6.48 ലക്ഷം രൂപയും ക്രമക്കേട് കണ്ടെത്തിയ റേഷൻ കടകളിൽനിന്ന് 17.12 ലക്ഷം രൂപയും പിഴയായി ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് അനർഹമായി കൈവശംവച്ച് ആനുകൂല്യം കൈപ്പറ്റിയിരുന്ന 1180 കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്ന 167 എഎവൈ (അന്ത്യോദയ കാർഡുകൾ) കാർഡുകളും ബിപിഎൽ (പിഎച്ച്എച്ച്) വിഭാഗത്തിൽപെട്ട 1013 കാർഡുകളുമാണ് പരിശോധന നടത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. കോഴഞ്ചേരി താലൂക്കിൽനിന്നാണ് ഏറ്റവും കൂടുതൽ കാർഡ് തരംമാറ്റൽ നടന്നത്. എഎവൈ വിഭാഗത്തിൽപെട്ട 56 കാർഡുകളും പിഎച്ച്എച്ച് വിഭാഗത്തിൽപെട്ട 393 കാർഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി. ഏറ്റവും കൂടുതൽ പിഴത്തുക ഈടാക്കിയിരിക്കുന്നത് മല്ലപ്പള്ളി താലൂക്കിൽനിന്നാണ്. 3.08 ലക്ഷം രൂപയാണ് ഈടാക്കിയിരിക്കുന്നത്.
കോഴഞ്ചേരി താലൂക്കിലെ റേഷൻകടകളിൽനിന്നാണ് ക്രമക്കേടിന്റെ പേരിൽ ഏറ്റവുമധികം പിഴത്തുക ഈടാക്കിയിരിക്കുന്നത്. 3.97 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത് റാന്നി താലൂക്കിലാണ്. 87 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാരക രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന 116 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ അനുവദിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യങ്ങൾക്കു മാത്രമായി 5 കാർഡുകൾ സംസ്ഥാന മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.