ഗവി: സഞ്ചാരികൾക്കു അപൂർവ കാഴ്ചയൊരുക്കി കടുവയുടെ ദർശനം

Mail This Article
സീതത്തോട്∙ ഗവി വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) എക്കോ ടൂർ പാക്കേജ് സംഘത്തിലെ സഞ്ചാരികൾക്കു അപൂർവ കാഴ്ചയൊരുക്കി കടുവയുടെ ദർശനം. കൺകുളിർക്കെ കടുവയെ നേരിൽ കണ്ട് സഞ്ചാരികൾ കാടിറങ്ങി. ഇന്നലെ രാവിലെ 6.15നു ഗവിയിൽ നിന്നും പുറപ്പെട്ട 22 അംഗ സഞ്ചാരികളാണ് കടുവയെ 10ാം മൈൽ ഭാഗത്തെ കുന്നിൽ ഇരിക്കുന്നത് നേരിൽ കണ്ടത്. എക്കോ സെന്ററിൽ നിന്നും പുറപ്പെട്ട സംഘം ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ദർശനം.
വലുപ്പം ഉണ്ടായിരുന്ന കടുവയ്ക്കു ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കും. കെഎഫ്ഡിസി ഗൈഡ് വർഗീസ് രാജാണ് കടുവയെ ആദ്യം കാണുന്നത്. കടുവയ്ക്കു തൊട്ടടുത്തായി കാട്ടാനയുടേയും മ്ലാവിന്റെയും കൂട്ടം ഉണ്ടായിരുന്നു. ഏകദേശം 5 മിനിറ്റോളം നേർക്കു നേരെ സഞ്ചാരികൾ വാഹനത്തിൽ ഇരുന്ന് കടുവയെ കണ്ടു. വാഹനത്തിനു പുറത്തിറങ്ങാൻ സഞ്ചാരികൾക്കു അനുമതിയില്ല.കെഎഫ്ഡിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് സഫാരി.
രാവിലെ തുടങ്ങുന്ന സഫാരി ഏകദേശം രണ്ടര മണിക്കൂറോളം നീണ്ട് നിൽക്കും. സാജുവായിരുന്നു സഫാരി വാൻ ഡ്രൈവർ . മഞ്ഞ് പൊഴിയുന്ന കാലാവസ്ഥ കൂടിയായതിനാൽ സഞ്ചാരികളുടെ നല്ല തിരക്കാണിപ്പോൾ.കെഎഫ്ഡിസിയോടു ചേർന്ന സ്ഥലം പെരിയാർ കടുവ സങ്കേതമാണ്. കടുവകൾ ഈ പ്രദേശത്ത് ഉണ്ടെങ്കിലും അപൂർവമായാണ് കാണാൻ കഴിയുന്നത്.