മകരവിളക്കിന് ഒരുക്കം; വെള്ളം സംഭരിച്ച് ജലസേചന വിഭാഗം
Mail This Article
ശബരിമല ∙ ജലസേചന വകുപ്പിന്റെ മകരവിളക്ക് ഒരുക്കം പൂർത്തിയായി. തീർഥാടകരുടെ പുണ്യസ്നാനത്തിനും വിതരണത്തിനായി ജല അതോറിറ്റിക്കു പമ്പു ചെയ്യുന്നതിനുമുള്ള വെള്ളം കൃത്യമായും എത്തിക്കുന്നത് ജലസേചന വിഭാഗമാണ്. മകരവിളക്കിന് ഇത്തവണ വൈദ്യുതി ബോർഡിന്റെ കുള്ളാർ ഡാം തുറന്നു വിടാതെ ആവശ്യത്തിനു വെള്ളം സംഭരിക്കുന്ന തിരക്കിലാണ് അവർ.പമ്പ, കക്കി എന്നീ നദികളിലെ വെള്ളമാണു തീർഥാടകരുടെ പുണ്യസ്നാനത്തിനും പമ്പ മുതൽ ശരംകുത്തി വരെയുള്ള വിതരണത്തിനും ഉപയോഗിക്കുന്നത്. വേനലിന്റെ തീവ്രത കൂടിയതോടെ കക്കിയിലെ നീരൊഴുക്ക് കുറഞ്ഞു. എന്നാൽ പമ്പയിൽ ഉണ്ട്. പമ്പയിലെ വെള്ളം തടഞ്ഞു നിർത്തി സംഭരിച്ച് അവ കൃത്യതയോടെ തുറന്നു വിടാൻ കഴിഞ്ഞതിനാൽ ഇത്തവണ ഇതുവരെയും കള്ളാർ അണക്കെട്ട് തുറക്കേണ്ടിവന്നില്ല.
ജലഅതോറിറ്റിക്ക് പമ്പിങ്, തീർഥാടകരുടെ സ്നാനം എന്നിവയ്ക്ക് ആവശ്യമായ വെള്ളത്തിനു 6 തടയണയാണ് ജലസേചന വകുപ്പിനുള്ളത്. പമ്പാനദിയിൽ നാലും കക്കിയാറ്റിൽ രണ്ടും.പമ്പാനദിയിൽ പണ്ടാരക്കയം, ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ്, ത്രിവേണി വലിയ പാലം, ചെറിയപാലം, കക്കിയാറ്റിൽ കെഎസ്ആർടിസി, ശ്രീരാമപാദം എന്നിവിടങ്ങളിൽ. ജലസേചന വകുപ്പ് കൊല്ലം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, പത്തനംതിട്ട അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, റാന്നി അസി. എൻജിനീയർ ഫെലിക്സ് ഐസക് പനച്ചക്കൽ, ഓവർസിയർമാരായ എം.എസ്.ദിനു, സിബിൻ ടൈറ്റസ്സ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് മകരവിളക്ക് ഒരുക്കങ്ങൾ നടത്തിയത്.