അരങ്ങുനിറഞ്ഞാടി രാവണവിജയം; പ്രൗഢിയോടെ ‘പ്രതിനായകൻ’
Mail This Article
അയിരൂർ കഥകളി ഗ്രാമം ∙ കലയുടെ പാരമ്പര്യവും കഥകളിയുടെ പൈതൃകവും പുതുതലമുറയിലേക്കു പകരുന്ന ശ്രമമാണ് പഠന കളരിയിൽ നടക്കുന്നതെന്ന് ആന്റോ ആന്റണി എംപി. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കഥകളി മേളയുടെ 3–ാം ദിവസത്തെ കഥകളി പഠന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലബ് രക്ഷാധികാരി ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിൽ, അംഗം സൂസൻ ഫിലിപ്, വിക്ടർ ടി.തോമസ്, ജെറി മാത്യു സാം, പ്രീത ബി.നായർ, അജയ് ഗോപിനാഥ്, ദിനിൽ ദിവാകർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഠന കളരിയിൽ പൂതനാമോക്ഷം കഥകളി അരങ്ങേറി. കലാമണ്ഡലം രാമൻകുട്ടി നായർ ജന്മശതാബ്ദി സമർപ്പണത്തിൽ ക്ലബ് സെക്രട്ടറി വി.ആർ. വിമൽരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
വൈകിട്ട് നടന്ന രാവണവിജയം കഥകളിയുടെ കഥാവിവരണം കെ. ഹരിശർമ ചെങ്ങന്നൂർ നടത്തി. പി.എം.തോമസ് തോണിപ്പാറ പുത്തൻമഠം ആട്ടവിളക്ക് തെളിച്ചു. കഥകളിയിലെ ഏറ്റവും പ്രൗഢിയുള്ള ആദ്യാവസാന പ്രതിനായക വേഷം നിറഞ്ഞാടിയ ദിവസമായിരുന്നു കഥകളി മേളയിലെ മൂന്നാം രാവ്. കഥകളിയിലെ പ്രതിനായക വേഷങ്ങൾ കത്തിവേഷം എന്നാണ് അറിയപ്പെടുന്നത്.
പ്രതിനായകനായ രാവണന് പ്രാധാന്യമുള്ള കഥയാണ് രാവണ വിജയം. തെക്കൻ ചിട്ട എന്നറിയപ്പെടുന്ന കപ്ലിങ്ങാടൻ ശൈലിയിലാണ് കഥകളി മേളയിൽ രാവണനായി വേഷമിട്ട കലാമണ്ഡലം രവികുമാർ അഭിനയിച്ചത്. രംഭാപ്രവേശത്തെ തുടർന്ന് കുബേരവിജയം, കൈലാസോദ്ധാരണം, ചന്ദ്രഹാസലബ്ധി എന്നീ ഭാഗങ്ങൾ ഇളകിയാട്ടത്തിലൂടെ അവതരിപ്പിച്ചതും ശ്രദ്ധേയമായി.
കളരിയിൽ ഇന്ന്
രാവിലെ 10ന് നടക്കുന്ന ആസ്വാദന കളരി പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. മേള ജനറൽ കൺവീനർ ഡോ.ബി. ഉദയനൻ അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭാധ്യക്ഷൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. നാട്യഭാരതി ഗ്രന്ഥശാലയുടെ 2024 ലെ പ്രഫ. എസ്.ഗുപ്തൻ നായർ അവാർഡ് കേരള സർവകലാശാല സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടറും സാഹിത്യ നിരൂപകയുമായ ഡോ. മീന ടി.പിള്ളക്ക് നൽകും. 11 മുതൽ പാഠകം പാഞ്ചാലിസ്വയംവരം പ്രിയ ചിറക്കടവ് അവതരിപ്പിക്കും. 11.45 കഥകളി കല്ല്യാണ സൗഗന്ധികം (ഭീമ - ഹനുമാൻ രംഗം).
കളിയരങ്ങിൽ ഇന്ന്
വൈകിട്ട് 6.30 മുതൽ ഇരയിമ്മൻ തമ്പി രചിച്ച കീചകവധം കഥകളി അരങ്ങേറും. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വിരാടരാജധാനിയിൽ നടക്കുന്ന സംഭവബഹുലമായ രംഗങ്ങളാണ് ഇതിന്റെ ഇതിവൃത്തം. കലാമണ്ഡലം സോമനാണു കീചകവേഷം. സൈരന്ധ്രിയായി ചമ്പക്കര വിജയകുമാറും വലലനായി കലാമണ്ഡലം അഖിലും സുദേഷ്ണയായി കലാമണ്ഡലം വിഷ്ണുമോനും രംഗത്തെത്തും. പൊന്നാനി ഭാഗവതരായി കലാമണ്ഡലം ജയപ്രകാശും ശങ്കിടിയായി നെടുമ്പള്ളി രാംമോഹനും എത്തും.