പൈപ്പ് പൊട്ടി, വാൽവ് അടച്ചു; റോഡ് കുഴിച്ചു, പൈപ്പ് കണ്ടില്ല!

Mail This Article
കുറ്റൂർ ∙ ഒരാഴ്ചയായി നാട്ടുകാരുടെ വെള്ളവും വഴിയും മുടക്കി ജല അതോറിറ്റി. ഉന്നത നിലവാരത്തിൽ നിർമിച്ച കുറ്റൂർ – മനയ്ക്കച്ചിറ റോഡിലാണു സംഭവം. ഒരാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനോ ജലവിതരണം പുനഃസ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച പുത്തൻകാവ് ദേവിക്ഷേത്രത്തിലേക്കു പോകുന്ന ജംക്‌ഷനിൽ കുന്നിരിക്കൽ ബാബുവിന്റെ വീടിനു മുൻപിലാണു പൈപ്പ് പൊട്ടി വെള്ളമൊഴുകാൻ തുടങ്ങിയത്.. വിവരം അറിഞ്ഞപ്പോൾ കുറ്റൂർ ജംക്‌ഷനിലുള്ള വാൽവ് അടച്ചതോടെ വെള്ളം പാഴാകുന്നതു നിന്നു. ഒപ്പം പഞ്ചായത്തിലെ 2 വാർഡുകളിലേക്കുള്ള ജലവിതരണവും.
റോഡിൽ ഇതുവരെ രണ്ടര മീറ്റർ ആഴത്തിൽ വരെ കുഴിച്ചു. കുഴിയിൽ നിറയുന്ന വെള്ളം മോട്ടർ ഉപയോഗിച്ചു വറ്റിച്ചു പൈപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജലവിതരണം മുടങ്ങിയതോടെ നാട്ടുകാർ ടാങ്കറിൽ വെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. 1000 ലീറ്റർ വെള്ളത്തിന് 900 രൂപയാണ് ഈടാക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
റോഡ് മുഴുവൻ വീതിക്കു കുഴിച്ചിട്ടും പൈപ്പ് കണ്ടെത്തി തകരാർ പരിഹരിക്കാൻ കഴിയാത്തതോടെ തകരാർ പരിഹരിച്ചു ജലവിതരണം പുനഃസ്ഥാപിക്കുന്നതും നീണ്ടുപോകുകയാണ്. ഉന്നതനിലവാരത്തിൽ നിർമിച്ച റോഡും ഇതുവഴി ഇല്ലാതാവുന്നു. പുത്തൻകാവ് ദേവി ക്ഷേത്രത്തിലേക്കു പോകുന്ന വഴി തുടങ്ങുന്ന സ്ഥലത്ത് ഇരുവശവും കുഴിച്ചിട്ടുണ്ട്. കെആർഎഫ്ബിയുടെ റോഡ് പൂർവ സ്ഥിതിയിലാക്കി ടാറിങ് നടത്തി നൽകാമെന്ന ഉറപ്പിലാണ് കുഴിച്ചത്.
പൈപ്പെവിടെ, പൈപ്പെവിടെ
റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനു മുൻപ് ഒരു മീറ്റർ ആഴത്തിലാണ് പൈപ്പ് ഇട്ടിരുന്നത്. എന്നാൽ മണിമലയാറിന്റെ തീരത്തുള്ള റോഡ് വെള്ളം കയറാതിരിക്കാൻ ഉയർത്തിയാണ് നിർമിച്ചത്. ഇതോടെ രണ്ടര മീറ്റർ വറെ ആഴത്തിലായി പൈപ്പ്. മാത്രമല്ല റോഡ് വീതിയിൽ നിർമിച്ചതോടെ പൈപ്പ് കണ്ടെത്താനും കഴിയുന്നില്ല.
∙ ഉന്നത നിലവാരത്തിൽ 2 വർഷം മുൻപ് നിർമിച്ച റോഡിൽ 6 മാസത്തിനിടയിൽ എട്ടിടത്തു പൈപ്പ് പൊട്ടിയതായി നാട്ടുകാർ പറഞ്ഞു.
∙ 1000 ലീറ്റർ വെള്ളത്തിന് 900 രൂപയാണ് ഈടാക്കുന്നതെന്നു നാട്ടുകാർ
1. പൈപ്പ് തകരാർ പരിഹരിക്കാൻ നടപടി തുടങ്ങിയത് വെള്ളിയാഴ്ച
2. റോഡിൽ വെള്ളം കണ്ട സ്ഥലത്തു കുഴിച്ചെങ്കിലും പൈപ്പ് കണ്ടെത്തിയില്ല
3. പൈപ്പ് അവിടെ അല്ലെന്നു നാട്ടുകാർ പറഞ്ഞിട്ടും വകവെച്ചില്ലെന്നു പരാതി
4. ദിവസങ്ങൾക്ക് ശേഷവും പൈപ്പ് കണ്ടെത്താതെ കുഴിക്കൽ തുടരുന്നു. കുഴിക്കൽ ഇന്നലെ വൈകുന്നേരവും പൂർത്തിയായില്ല. പൈപ്പ് കണ്ടെത്താനും കഴിഞ്ഞില്ല.