സ്പോട് ബുക്കിങ് 5000 ആക്കിയിട്ടും തീർഥാടകർ കാത്തുനിന്നത് 7 മുതൽ 8 മണിക്കൂർ വരെ
Mail This Article
ശബരിമല ∙ സ്പോട് ബുക്കിങ് വഴി ദർശനത്തിനുള്ള എണ്ണം കുറച്ചിട്ടും പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ കാത്തുനിൽപ് കുറയുന്നില്ല. പടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു കാരണമെന്നാണ് ആക്ഷേപം. 7 മുതൽ 8 മണിക്കൂർ വരെ കാത്തുനിന്നാണ് ഇന്നലെ മിക്കവരും പതിനെട്ടാംപടി കയറിയത്. ദിവസം 22,000 മുതൽ 25,000 പേർ വരെയാണ് സ്പോട് ബുക്കിങ് വഴി ദർശനം നടത്തിവന്നത്. തിരക്കു കുറയ്ക്കാൻ ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 എണ്ണമാക്കി കുറച്ചു.
ഇന്നലെ പുലർച്ചെ 3ന് നട തുറന്നപ്പോൾ പമ്പാ മണപ്പുറത്ത് ത്രിവേണി ചെറിയ പാലത്തിനു സമീപം വരെ തീർഥാടകരുണ്ടായിരുന്നു. മകരവിളക്കിന്റെ തിരക്ക് കാരണം വെർച്വൽ ക്യു, സ്പോട് ബുക്കിങ് പാസ് പരിശോധന പൊലീസ് കൂടുതൽ ശക്തമാക്കി. പാസ് ഇല്ലാത്തവരെ നിലയ്ക്കലിൽ നിന്നു തിരിച്ചു വിടാനാണു പൊലീസിനു ലഭിച്ച നിർദേശം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ പുതിയ സ്പോട് ബുക്കിങ് കൗണ്ടർ തുറക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പമ്പയിലെ 7 കൗണ്ടറിൽ 3 എണ്ണമാണ് നിലയ്ക്കലിലേക്കു മാറ്റുന്നത്.
ചൊവ്വാഴ്ച രാത്രിയിലെ വലിയ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിലെ അടിസ്ഥാന താവളത്തിൽ തീർഥാടകരെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി. എല്ലാ വാഹനങ്ങളും നിലയ്ക്കൽ ഗോപുരത്തിൽ നിന്നു പാർക്കിങ് ഗ്രൗണ്ടിലേക്കു കയറ്റിവിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് പമ്പയിലേക്കു പോകാൻ അനുവദിച്ചത്. എരുമേലിയിൽ പേട്ടതുള്ളി കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ കാൽനടയായി ആയിരങ്ങളാണ് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പാതയിൽ തിരക്കേറി.
സ്പോട് ബുക്കിങ്: നിയന്ത്രണം കൂടിയാലോചിക്കണം
കൊച്ചി∙ ശബരിമലയിൽ മകരവിളക്കിനോടനുബന്ധിച്ചു തിരക്കു നിയന്ത്രിക്കാൻ സ്പോട് ബുക്കിങ്ങിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം അധികൃതർ കൂടിയാലോചിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. തിരക്കു നിയന്ത്രിക്കാൻ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളും നിയന്ത്രണങ്ങളും തീർഥാടകരെ കൃത്യമായി അറിയിക്കണമെന്നും നിർദേശിച്ചു.
നിലവിൽ വെർച്വൽ ക്യു വഴിയും സ്പോട് ബുക്കിങ് വഴിയും എത്തുന്നതിൽ അധികം ആളുകൾ സന്നിധാനത്തുള്ളതു കണക്കിലെടുത്താണു നിർദേശം. സന്നിധാനത്ത് എത്തുന്ന പലരും മകരവിളക്കു തൊഴുതു മടങ്ങാൻ തങ്ങുന്നതു തിരക്കിനു കാരണമാകുന്നുണ്ട്. കൂടാതെ പരമ്പരാഗത കാനന പാതയിലൂടെ കൂടുതൽ പേർ എത്തുന്നുണ്ടോ എന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കണോ എന്നു തീരുമാനിക്കാനാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
നിലവിൽ ഒരു ലക്ഷത്തിലേറെ തീർഥാടകരാണു പ്രതിദിനം ദർശനത്തിന് എത്തുന്നത്. നാട്ടുകാരോ ഏജന്റുമാരോ പരമ്പരാഗത പാതയിലൂടെ കടത്തിവിടാൻ മുക്കുഴി വരെ തീർഥാടകരെ എത്തിക്കുന്നുണ്ടോ എന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്. കേസ് ഇന്നു വീണ്ടും പരിഗണിക്കും.