കുവൈത്തിൽനിന്ന് അവധിക്കെത്തുന്നത് കാത്തിരുന്നു; അനുരാജ് എത്തിയത് ചേതനയറ്റ്, കണ്ണുനിറഞ്ഞ് പള്ളിക്കൽ
Mail This Article
സീതത്തോട് ∙ ‘അവനെ പിരിയാൻ ഞങ്ങൾക്കാകില്ല. വിളിപ്പുറത്തു തന്നെ അവൻ വിശ്രമിക്കട്ടേ. ഇനിയുള്ള ഞങ്ങളുടെ ജീവിതം അവനുറങ്ങുന്ന ഈ മണ്ണിൽ തന്നെ’. കുവൈത്തിൽനിന്ന് അവധിക്കെത്തുന്ന മകനേയും കാത്തിരുന്ന കുടുംബത്തിന്റെ കൈകളിലേക്കു ചേതനയറ്റ അനുരാജിന്റെ വരവ് കണ്ട് കണ്ണ് നിറയാത്തവരാരും പള്ളിക്കൽ വീട്ടുമുറ്റത്ത് ഇല്ലായിരുന്നു. തേക്കുംമൂട് മല താണ്ടി എത്തിയ നൂറ് കണക്കിനാളുകളെ സങ്കടക്കടലിലാക്കി അനുരാജ് തിരിച്ചുവരാത്ത ലോകത്തേക്കു യാത്രയായി.
തേക്കുംമൂട് പള്ളിക്കൽ രാജു–രാജമ്മ ദമ്പതികളുടെ മകൻ അനുരാജ് (26) ചൊവ്വാഴ്ച നാട്ടിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് അന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോകാനുള്ള തയാറെടുപ്പിനിടെയാണ് അനുരാജിന്റെ വിയോഗം കുടുംബാംഗങ്ങൾ അറിയുന്നത്. വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കു ശേഷമായിരുന്നു അനുരാജ് വീട്ടിലേക്കു വരാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നത്. നാട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്നതിനിടെയാണ് വിദേശത്ത് അനുരാജിനു ജോലി തരപ്പെടുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപ് നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു മരണം. സീതത്തോട് ജംക്‌ഷനിൽനിന്ന് ഏറെ ദൂരത്തിൽ മലമുകളിലായാണ് അനുരാജിന്റെ കുടുംബം താമസിക്കുന്നത്. അന്ത്യോപചാരം സമർപ്പിക്കാൻ എത്തിയവരുടെ സൗകര്യാർഥം മൃതദേഹം സീതത്തോട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിനു വച്ചിരുന്നു. കെ.യു. ജനീഷ്കുമാർ എംഎൽഎ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.3 മണിയോടെ വീടിനു സമീപം പ്രത്യേകം തയാറാക്കിയ കല്ലറയിലായിരുന്നു സംസ്കാര ചടങ്ങുകൾ.