വിരാട രാജധാനിയായി മണപ്പുറം; അരങ്ങുനിറഞ്ഞാടി കീചകൻ
Mail This Article
അയിരൂർ കഥകളി ഗ്രാമം ∙ ചെറുകോൽപുഴ പമ്പാ മണൽപ്പുറത്തെ കളിയരങ്ങ് ഇന്നലെ രാത്രി വിരാട രാജധാനി ആയി മാറി. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് വിരാട രാജ്ഞിയുടെ പരിചാരകയായി വേഷം മാറിക്കഴിയുന്ന പാഞ്ചാലിയെ കണ്ട് മോഹിതനാകുന്ന കീചകന്റെ ഭാവപ്പകർച്ചകൾ കണ്ട് കഥകളി ആസ്വാദകർ എല്ലാം മറന്നിരുന്നു. കല്ലുവഴി ചിട്ടയുടെ സമസ്ത രൂപഭാവ ഭംഗികളും പുറത്തെടുത്ത് കീചകനായി കലാമണ്ഡലം സോമൻ നിറഞ്ഞാടുകയായിരുന്നു.
കലാമണ്ഡലം ജയപ്രകാശും നെടുമ്പള്ളി രാംമോഹനും ചേർന്ന് ഇരയിമ്മൻ തമ്പിയുടെ ശൃംഗാരപദങ്ങൾ ആലപിച്ചു. സൈരന്ധ്രിയായി ചമ്പക്കര വിജയകുമാറും സുദേഷ്ണയായി കലാമണ്ഡലം വിഷ്ണുമോനും നിറഞ്ഞാടി. കലാമണ്ഡലം രവിശങ്കറും ആർഎൽവി സുദേവ് വർമയും മേളമൊരുക്കി. കലാമണ്ഡലം അമൽ അയിരൂരായിരുന്നു ചുട്ടി.
പമ്പാനദീതട സംസ്കാരത്തിനും മധ്യതിരുവിതാംകൂറിന്റെ ചരിത്രത്തിനും മുതൽക്കൂട്ടാണ് അയിരൂർ കഥകളിഗ്രാമമെന്നു പി.എൻ.സുരേഷ് പറഞ്ഞു. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥകളി മേളയുടെ നാലാം ദിനത്തിലെ പഠനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബി. ഉദയനൻ അധ്യക്ഷത വഹിച്ചു. അനിൽ അയിരൂർ മുഖ്യപ്രഭാഷണം നടത്തി.
നാട്യഭാരതി ഗ്രന്ഥശാലയുടെ നിരൂപണ സാഹിത്യത്തിനുള്ള പ്രഫ. എസ്.ഗുപ്തൻ നായർ അവാർഡ് കേരള സർവകലാശാല സാംസ്കാരിക പഠന കേന്ദ്രത്തിലെ പ്രഫസറും ഡയറക്ടറുമായ ഡോ. മീന ടി.പിള്ളയ്ക്കു നൽകി. ഡോ. കെ.സന്തോഷ് ബാബു, അയിരൂർ പഞ്ചായത്ത് അംഗങ്ങളായ സാംകുട്ടി അയ്യക്കാവിൽ, കെ.ടി.സുബിൻ, എം.ആർ.വേണു, രാജു ടി.ജോർജ് എന്നിവർ പ്രസംഗിച്ചു.
പ്രിയ ചിറക്കടവ് പാഞ്ചാലീസ്വയംവരം പാഠകവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ച് കഥകളി വേഷം വിദ്യാർഥിനികളായ കലാമണ്ഡലം വൈഷ്ണവി, കലാമണ്ഡലം കൃഷ്ണപ്രിയ ഭീമ - ഹനുമാന്മാരായി കല്യാണസൗഗന്ധികം കഥകളിയും പഠനക്കളരിയിലെ അരങ്ങിലെത്തി.
കളരിയിൽ ഇന്ന്
10.30 ന് നടക്കുന്ന കഥകളി പഠനക്കളരി കെ.യു.ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി വി.എൻ.ഉണ്ണി അധ്യക്ഷത വഹിക്കും. 11 മുതൽ കഥകളി കളരിയിൽ ഉത്തരാസ്വയംവരം കഥകളി (ഉത്തരനും പത്നിമാരും) അവതരിപ്പിക്കും. 11.30 മുതൽ നാട്യഭാരതി കഥകളി സെന്ററിലെ വിദ്യാർഥികളുടെ ചെണ്ട(കേളി) അരങ്ങേറ്റം.
അരങ്ങിൽ ഇന്ന്
കോട്ടയത്തു തമ്പുരാൻ രചിച്ച നിവാതകവച കാലകേയവധം കഥകളിയുടെ പൂർവ ഭാഗമാണ് ഇന്ന് വൈകിട്ട് 6.30 ന് കളിയരങ്ങിൽ നടക്കുക. ചിട്ടപ്രധാനവും സാഹിത്യ ഭംഗിയാർന്നതുമായ കാലകേയവധത്തിന്റെ പൂർവഭാഗത്ത് നിറഞ്ഞു നിൽക്കുന്നത് പച്ച വേഷത്തിലെത്തുന്ന അർജുനനാണ്. ഇന്ദ്രനിർദേശം അനുസരിച്ച് സാരഥിയായ മാതലിയെത്തി അർജുനനെ ദേവലോകത്ത് കൊണ്ടുപോകുന്നതാണ് കഥാസന്ദർഭം.
കേരള കലാമണ്ഡലം ഡീൻ പ്രഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് അർജുനനായി രംഗത്തെത്തുന്നത്. മാതലി - കലാമണ്ഡലം രാജീവൻ നമ്പൂതിരി, ഇന്ദ്രൻ - ഡോ. രാഹുൽ അറയ്ക്കൽ, ഇന്ദ്രാണി - കലാമണ്ഡലം വിഷ്ണുമോൻ. സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരി നയിക്കുമ്പോൾ കലാമണ്ഡലം കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് മേളം.