ചക്കൻചിറമല പദ്ധതി: വെള്ളമില്ലാതെ ഒരാഴ്ച
Mail This Article
ഇളംപള്ളിൽ ∙ പള്ളിക്കൽ പഞ്ചായത്തിലെ 3–ാം വാർഡിലെ ചക്കൻചിറമല ജല പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലച്ചിട്ട് ഒന്നര ആഴ്ച. പദ്ധതിയുടെ മോട്ടർ കേടായതു കാരണമാണ് ജലവിതരണം മുടങ്ങിയത്. ജനപ്രതിനിധി ജി.പ്രമോദും നാട്ടുകാരും പരാതിയുമായി രംഗത്തു വന്നപ്പോൾ ജല അതോറിറ്റി അധികൃതർ 4 ദിവസം മുൻപ് എത്തി കേടായ മോട്ടർ നന്നാക്കാനായി അഴിച്ചു കൊണ്ടുപോയി. എന്നാൽ ശരിയാക്കി ഇന്നലെ വരെയും എത്തിച്ചിട്ടില്ല. ഇതിനാൽ ഇവിടുത്തെ ജനങ്ങൾ വെള്ളത്തിനു വേണ്ടി നെട്ടോട്ടമാണ്. ചക്കൻചിറമലയിലിൽ നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ മുപ്പതോളം കുടുംബങ്ങൾക്ക് കിണറില്ല.
ഈ കുടുംബങ്ങൾ ചക്കൻചിറമല ജല പദ്ധതിയെയാണ് അശ്രയിച്ചു കഴിയുന്നത്. ഇപ്പോൾ വെള്ളം കിട്ടാത്ത സ്ഥിതി വന്നതോടെ പണം കൊടുത്താണ് വെള്ളം വാങ്ങുന്നത്. എന്നിട്ടും ജല അതോറിറ്റി അധികൃതർ മോട്ടർ വേഗത്തിൽ നന്നാക്കിയെടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. വെയിലിന്റെ കാഠിന്യം കൂടി വരുന്നതോടെ ഈ പ്രദേശം ജലക്ഷാമത്തിന്റെ പിടിയിലായി തുടങ്ങി. ഇതിന്റെ കൂടെ പൈപ്പുകളിൽ കൂടി വെള്ളം എത്താത്ത സ്ഥിതിയായതോടെ ജനങ്ങളെ പ്രയാസത്തിലായിരിക്കുകയാണ്.