ADVERTISEMENT

കോഴഞ്ചേരി ∙ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ജീവനക്കാരിയെ സ്ഥലം മാറ്റിയത് ഒഴിവില്ലാത്ത തസ്തികയിലേക്ക്. സ്ഥലംമാറ്റം കിട്ടിയ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് കോയിപ്രം പഞ്ചായത്തിൽ പ്രവേശിക്കേണ്ടിടത്തു ചെന്നപ്പോൾ അവിടത്തെ തസ്തികയിലാണ് ഒഴിവില്ലാതെ വന്നത്.അധികൃതരുടെ വീഴ്ച കാരണം ജോലിയിൽ പ്രവേശിക്കാനാകാതെ വന്നതോടെ തന്റെ സർക്കാർ സർവീസിൽ ഇടവേളയുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ഹെഡ് ക്ലാർക്കായ എസ്.സ്മിത മോൾ. വൈകിട്ട് തിരുവല്ലയിലെത്തി മന്ത്രി എം.ബി.രാജേഷിനെ കണ്ട് ഇവർ പ്രശ്നം അറിയിച്ചു. തിങ്കളാഴ്ച പ്രശ്നത്തിനു പരിഹാരം കാണുമെന്നു തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉറപ്പു നൽകി. 

തോട്ടപ്പുഴശേരിയിൽ നിന്നു സമീപ പഞ്ചായത്തായ കോയിപ്രത്തേക്കാണ് ഇവർക്കു സ്ഥലംമാറ്റം. ഭരണസൗകര്യാർഥമെന്നാണ് ഉത്തരവിലുള്ളത്. വിവരം അറിഞ്ഞപ്പോൾ അവിടെ തിരക്കിയെങ്കിലും നിലവിൽ ഒഴിവില്ല എന്ന വിവരമാണു സ്മിതയ്ക്കു ലഭിച്ചത്. ഈ വിവരം മേലധികാരികളെ അറിയിക്കുകയും വിടുതൽ രേഖ വാങ്ങാതെ തോട്ടപ്പുഴശേരിയിൽ തന്നെ ജോലിയിൽ തുടരുകയുമായിരുന്നു. എന്നാൽ ഇന്നലെ ഇവർക്കു പകരം ഉദ്യോഗസ്ഥ എത്തിയതോടെ വിടുതൽ ഉത്തരവു വാങ്ങി കോയിപ്രം പഞ്ചായത്ത് ഓഫിസിലേക്ക് എത്തുകയുമായിരുന്നു. 

ജോലിയിൽ കയറാൻ ഇന്നലെ രാവിലെ ഇവർ കോയിപ്രം പഞ്ചായത്തിൽ ചെന്നപ്പോൾ ഈ തസ്തികയിൽ അവിടെ ഒഴിവില്ലെന്നറിഞ്ഞു. തുടർന്ന് ചർച്ചകൾക്കു ശേഷം കോയിപ്രം പഞ്ചായത്ത് സെക്രട്ടറി കോയിപ്രത്ത് ഹെഡ് ക്ലർക്ക് തസ്തികയിൽ ഒഴിവില്ലാത്തതിനാൽ  നേരത്തെ ജോലി ചെയ്തിരുന്നിടത്ത് തിരികെ പ്രവേശിപ്പിക്കണമെന്നു കാട്ടി അപേക്ഷ എഴുതി വാങ്ങി. തുടർ നടപടികൾക്കായി സമർപ്പിക്കുന്നുവെന്നു കാട്ടി കോയിപ്രം പഞ്ചായത്ത്  സെക്രട്ടറി തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് അപ്പോൾതന്നെ അപേക്ഷ കൈമാറുകയും ചെയ്തു. 

സ്മിത താമസിക്കുന്ന നെടുമ്പ്രം പഞ്ചായത്തിൽ ഈ തസ്തികയിൽ ഒഴിവ് നിലനിൽക്കെ ഒഴിവില്ലാത്ത കോയിപ്രത്തേക്ക് ഇവരെ സ്ഥലം മാറ്റിയത് കഴിഞ്ഞ പഞ്ചയാത്ത് ഭരണ സമിതിയുടെ അറിവോടെ യാണെന്നും ആരോപണമുണ്ട്.  നാലു മാസം മുൻപ് അയിരൂർ പഞ്ചായത്തിൽ നിന്നാണ് ഇവർക്ക് മാറ്റമായി തോട്ടപ്പുഴശേരി പഞ്ചായത്തിലേക്ക് എത്തുന്നത്. എന്നാൽ ജനുവരി 4ന് വീണ്ടും കോയിപ്രം പഞ്ചായത്തിലേക്കു മാറ്റം നൽകി പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിറക്കുകയായിരുന്നു.

English Summary:

Panchayat Employee Transfer Error Causes Distress: S. Smitha Mol faced difficulties joining her new post in Koipram Panchayat due to an unanticipated vacancy issue resulting from an administrative oversight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com