വിദ്യാർഥിനിയെ പീഡിപ്പിച്ചത് 62 പേർ; 40 പേർക്കെതിരെ കേസ്, 5 അറസ്റ്റ്
Mail This Article
പത്തനംതിട്ട ∙ കായികതാരമായിരുന്ന വിദ്യാർഥിനിയെ 5 വർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയത് അറുപതിലേറെ പേർ. ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ പതിനെട്ടുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 5 പ്രതികൾ അറസ്റ്റിലായി. റാന്നി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
നാൽപതോളം പേർക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. 13 വയസ്സുള്ളപ്പോൾ മുതൽ പെൺകുട്ടി പീഡനത്തിനിരയായി. വിദ്യാർഥിനിയെ ചൂഷണം ചെയ്ത പ്രതികളിൽ ചിലർക്കെതിരെ എസ്‌സി എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് ചുമത്താനും സാധ്യതയുണ്ട്.
പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മാത്രം നാൽപതോളം പേർക്കെതിരെയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഏതാനും പേർക്കെതിരെയും കേസെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനാണു സാധ്യത. ഒരു ഇരയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.
ചൂഷണത്തിനിരയായ കാര്യങ്ങൾ വെളിപ്പെടുത്താൻ വിദ്യാർഥിനി തയാറായതോടെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് പെൺകുട്ടി പ്രശ്നങ്ങൾ സൂചിപ്പിച്ചത്.
ഗൗരവം മനസ്സിലാക്കിയ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടർന്ന് വിദ്യാർഥിനിയും മാതാവും ഹാജരായി. അസ്വാഭാവിക കേസാണെന്നു മനസ്സിലാക്കിയതോടെ കൂടുതൽ വിവരങ്ങൾ തേടി.പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ രേഖകളിൽ നിന്നാണ് നാൽപതോളം പ്രതികളെ തിരിച്ചറിഞ്ഞത്.
കുട്ടിക്കു 13 വയസ്സുള്ള സമയത്ത് സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. പ്രായപൂർത്തിയാകും മുൻപ് ഇരയുടെ നഗ്നചിത്രങ്ങൾ പ്രതികളിൽ ചിലർ കൈവശപ്പെടുത്തി. കൗൺസലിങ്ങിനു വിധേയയാക്കിയ വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും.