ADVERTISEMENT

പത്തനംതിട്ട∙ കോഴഞ്ചേരി, പത്തനംതിട്ട വഴി മല്ലപ്പള്ളി– തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ആരും അറിയാതെ റൂട്ടു മാറ്റി. കെഎസ്ആർടിസിയുടെ  പരിഷ്കാരത്തിൽ യാത്രക്കാർ വലഞ്ഞു.വരുമാനം പകുതിയായി. പരാതി വ്യാപകമായതോടെ  വീണ്ടും പത്തനംതിട്ട വഴിയാക്കാൻ നിർദേശം. വൈകിട്ട് 6നു മല്ലപ്പള്ളിയിൽ നിന്നു പുറപ്പെട്ടു പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ വഴി  രാത്രി 10ന് തിരുവനന്തപുരത്ത് എത്തിയിരുന്ന ബസാണിത്.

രാത്രി 1.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ മല്ലപ്പള്ളി സർവീസും നടത്തി വന്നു. തിരുവനന്തപുരത്തു നിന്നു രാത്രി  പുനലൂർ, പത്തനാപുരം , പത്തനംതിട്ട ഭാഗത്തേക്കുള്ള അവസാന ബസായിരുന്നു ഇത്.  പത്തനംതിട്ട വരെ ഇതിനു യാത്രക്കാർ ഉണ്ട്. കോഴഞ്ചേരി, പുല്ലാട്, വഴി മല്ലപ്പള്ളിയ്ക്ക് യാത്രക്കാർ കുറവായിരുന്നു. ഈ കാരണം പറഞ്ഞ്  ബസ് പൂർണമായും എംസി റോഡ് വഴിയാക്കി. മല്ലപ്പള്ളിയിൽ നിന്നു തിരുവനന്തപുരം പോയി തിരിച്ചു വരുമ്പോൾ  22,000 മുതൽ 25,000 രൂപ വരെയായിരുന്നു വരുമാനം.

എംസി റോഡ് വഴി റൂട്ട് മാറ്റിയതോടെ വരുമാനം 20,000 രൂപയിൽ താഴെയായി. പത്തനംതിട്ടയിലെ രാത്രി യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 1988ൽ തിരുവനന്തപുരം ഡിപ്പോയിൽ നിന്നു തുടങ്ങിയ സർവീസാണിത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം– പത്തനംതിട്ട സർവീസായിരുന്നു. ജോസഫ് എം.പുതുശേരി എംഎൽഎയായപ്പോൾ അന്നത്തെ ഗതാഗത മന്ത്രിയിൽ സമ്മർദം ചെലുത്തി മല്ലപ്പള്ളി വരെ നീട്ടി.

പിന്നീട് സർവീസ് പൂർണമായും മല്ലപ്പള്ളി ഡിപ്പോയിലേക്കു കൈമാറി. 37 വർഷമായി മുടക്കമില്ലാതെ നടത്തിയ സർവീസാണ് ആരുമറിയാതെ എംസി റോഡ് വഴി ഏതാനും ദിവസം മുൻപ് റൂട്ടു മാറ്റിയത്. പത്തനംതിട്ട, കോന്നി,  കൂടൽ, കലഞ്ഞൂർ, പത്തനാപുരം പ്രദേശത്തുള്ളവർക്കു രാത്രി യാത്രയ്ക്ക് ഉണ്ടായിരുന്ന ബസ് ഇല്ലാതായതോടെ രാത്രി യാത്രക്കാർ ദുരിതത്തിലായി.

എംസി റോഡ് വഴി കൂടുതൽ ബസ് ഉള്ളതിനാൽ ഇതിന്റെ  വരുമാനവും നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു.പത്തനംതിട്ടയിലെ യാത്രക്കാർക്കു രാത്രി യാത്രയ്ക്ക് ബസ് ഇല്ലാതെ വന്നതോടെ പരാതി കൂടി. മന്ത്രി വീണാ ജോർജ്  ഇടപെട്ടു. ഗതാഗത മന്ത്രിയെ വിവരം ധരിപ്പിച്ചു. ബസ് വീണ്ടും പത്തനംതിട്ട വഴി സർവീസ് നടത്താൻ മന്ത്രി നിർദേശം നൽകി.

English Summary:

KSRTC bus route changes impacting Pathanamthitta passengers caused significant revenue losses. Following widespread complaints, the original route has been restored.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com