തിരുവാഭരണ ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; എംസി റോഡിൽ 12ന് ഗതാഗത നിയന്ത്രണം
Mail This Article
റാന്നി ∙ മകരസംക്രമ സന്ധ്യയിൽ ശബരിഗിരീശ്വരന്റെ തിരുവാഭരണവുമായി എത്തുന്ന ഘോഷയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. പരമ്പരാഗത തിരുവാഭരണ പാതയിൽ വെളിച്ചം ക്രമീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തുകൾ. രണ്ടാം ദിനത്തിലാണ് പ്രധാന നിരത്തുകൾ വിട്ട് പരമ്പരാഗത പാതയിലൂടെ ഘോഷയാത്ര കൂടുതലായി കടന്നു പോകുന്നത്. ഇത്തരം ഭാഗങ്ങളിലാണ് രാത്രി യാത്ര സുഗമമാക്കാൻ പാത നവീകരിക്കുന്നതും വഴിവിളക്കുകൾ ക്രമീകരിക്കുന്നതും.
പേരൂച്ചാൽ പാലം മുതൽ ആയിക്കൽ തിരുവാഭരണ പാറ വരെ പരമ്പരാഗത പാതയിലൂടെയാണ് യാത്ര നീങ്ങുന്നത്. കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാത പമ്പാനദിയുടെ തീരത്തു കൂടിയാണു കടന്നു പോകുന്നത്. ചെറുകോൽ പഞ്ചായത്തിന്റെ ചുമതലയിൽ പാത തെളിച്ചു. അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ മുള വേലികളും നിർമിച്ചു. 13ന് പുലർച്ചെ എത്തുന്ന ഘോഷയാത്രയെ സ്വീകരിക്കാൻ വെളിച്ചം ക്രമീകരിക്കുന്ന പണി പുരോഗമിക്കുന്നു.
റാന്നി ബ്ലോക്ക് ഓഫിസ് പടി–കുത്തുകല്ലുങ്കൽപടി–മന്ദിരം വരെയും പരമ്പരാഗത പാതയിലൂടെയാണ് യാത്ര കടന്നു പോകുന്നത്. ബ്ലോക്ക് ഓഫിസ് പടി–കുത്തുകല്ലുങ്കൽപടി വരെ പാത കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കുത്തുകല്ലുങ്കൽപടി–മന്ദിരം വരെ ബിഎം ബിസി നിലവാരത്തിൽ വീതി കൂട്ടി ടാറിങ്ങും നടത്തി. ഇടക്കുളം–പള്ളിക്കമുരുപ്പ് വരെയും വീതി കൂട്ടി കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗങ്ങളിലെ കാടും പടലും പൂർണമായി നീക്കി റാന്നി പഞ്ചായത്ത് വൃത്തിയാക്കി. വെളിച്ചം ലഭ്യമാക്കാനും നടപടി പൂർത്തിയായി.
പള്ളിക്കമുരുപ്പ് മുതൽ പേങ്ങാട്ടുകടവ് വഴി വടശേരിക്കര ചെറുകാവ് ക്ഷേത്രം വരെയും പരമ്പരാഗത പാതയിലാണ് യാത്ര. വടശേരിക്കര പഞ്ചായത്തിന്റെ ചുമതലയിൽ ഇവിടെയും പാത ശുചീകരിച്ചു. പാലത്തിൽ ഒഴികെ വഴിവിളക്കുകളും സ്ഥാപിച്ചു. പാലത്തിൽ ഇന്ന് വിളക്കുകൾ സ്ഥാപിക്കും.തുടർന്ന് കൂനംകര മുതൽ ളാഹ വനം സത്രം വരെയാണ് പ്രധാന നിരത്തു വിട്ട് പരമ്പരാഗത പാതയിലൂടെ യാത്ര പോകുന്നത്. കൂനംകര–പുതുക്കട വരെയും പുതുക്കട മുതൽ തമ്പുരാട്ടിക്കാവ് വഴി ളാഹ സത്രം വരെയും പാതയുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു.
ഇന്നും നാളെയുമായി ഇവിടെ വഴിവിളക്കുകളും സ്ഥാപിക്കും. പെരുനാട് പഞ്ചായത്തിന്റെ ചുമതലയിൽ ജനറേറ്റർ ഉപയോഗിച്ചാണ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത്. അട്ടത്തോട് മുതൽ ചെറിയാനവട്ടം വരെ വനത്തിലൂടെയാണു ഘോഷയാത്ര കടന്നു പോകുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ പാത തെളിക്കുന്നതും പമ്പാനദിയിൽ 3 താൽക്കാലിക നടപ്പാലങ്ങൾ നിർമിക്കുന്നതും. അവയുടെ പണികളും പൂർത്തിയായിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും
പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിന് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 14ന് വൈകിട്ട് സന്നിധാനത്തെത്തും. ത്രിസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്ക്കായി നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.നാളെ പുലർച്ചെ 5നു ക്ഷേത്രനട തുറക്കും. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ, സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ നിന്നു തിരുവാഭരണങ്ങൾ അടങ്ങുന്ന പേടകം ക്ഷേത്ര ശ്രീകോവിലിനു മുൻപിലേക്ക് എഴുന്നള്ളിക്കും. ശ്രീകോവിലിനു മുൻപിൽ തിരുവാഭരണ പേടകം തുറന്നുവയ്ക്കും.
12 മണി വരെ ദർശനം. തുടർന്ന് ഉച്ചപൂജയ്ക്കായി നട അടയ്ക്കും. പൂജിച്ച ഉടവാൾ വലിയ തമ്പുരാൻ രാജപ്രതിനിധിക്ക് കൈമാറും. തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജനമുഴിയും. രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ കിഴക്കേനട വഴി പുറത്തെത്തി പല്ലക്കിൽ യാത്ര തുടങ്ങും. ഒരു മണിക്ക് കൊട്ടാരം കുടുംബാംഗങ്ങൾ തിരുവാഭരണ പേടകം പ്രദക്ഷിണമായെടുത്ത് കിഴക്കേനടയിൽ ഗുരുസ്വാമിയുടെ ശിരസ്സിലേറ്റും. തുടർന്ന് ഘോഷയാത്ര പുറപ്പെടും. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റും.പരമ്പരാഗത തിരുവാഭരണപാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനം വകുപ്പു സത്രത്തിലെത്തി വിശ്രമം. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര പോകുന്നത്. പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ ശബരിമലയിലെത്തും.
ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലെ രാജമണ്ഡപത്തിലെത്തി ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജപ്രതിനിധി ശബരിമലയിലെ കളഭവും മാളികപ്പുറത്തെ കുരുതിയും കഴിഞ്ഞ് ശബരിമല നടയടച്ച ശേഷം തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും. ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കും.
തിരുവാഭരണ ദർശനത്തിന് തിരക്കേറി
പന്തളം ∙ തിരുവാഭരണ ഘോഷയാത്രയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ വലിയ കോയിക്കൽ ക്ഷേത്രത്തിലും സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണദർശനത്തിനും തിരക്കേറി. ഘോഷയാത്ര കാണാൻ നൂറുകണക്കിനു തീർഥാടകരാണ് ക്ഷേത്രത്തിലെത്തിയിട്ടുള്ളത്. ക്രമീകരണങ്ങളൊക്കെ പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേനയും ക്ഷേത്ര ഉപദേശകസമിതിയും വിശുദ്ധിസേനയും ചേർന്ന് ഇന്നലെ വൈകിട്ട് ക്ഷേത്രവും പരിസരവും വൃത്തിയാക്കി. പന്തളം കൊട്ടാരം, ക്ഷേത്ര ഉപദേശകസമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, പന്തളം നഗരസഭ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ അടക്കം ഘോഷയാത്രയ്ക്ക് സ്വീകരണം നൽകാനുള്ള തയാറെടുപ്പുകളും തുടങ്ങി.
നാളെ ഗതാഗത നിയന്ത്രണം
നാളെ എംസി റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. കോട്ടയത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ രാവിലെ 8 മുതൽ കുളനട ജംക്‌ഷനിൽ നിന്നു തിരിഞ്ഞു അമ്പലക്കടവ് വഴി തുമ്പമൺ ജംക്‌ഷനിലെത്തിയ ശേഷം പോകണം. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് മാത്രം എംസി റോഡിൽ ഗതാഗതം അനുവദിക്കില്ല. 200 പൊലീസുകാരും 50 സ്പെഷൽ പൊലീസ് ഓഫിസർമാരും സുരക്ഷയ്ക്കായുണ്ടാകും.