അയ്യായിരത്തോളം ഇനം പുഷ്പങ്ങൾ; ദൃശ്യവിസ്മയമായി പുഷ്പമേള

Mail This Article
കോഴഞ്ചേരി ∙ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പുഷ്പമേളയ്ക്ക് സന്ദർശകരുടെ തിരക്ക്. 19 വരെ രാവിലെ 10 മുതൽ രാത്രി 11 വരെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ അയ്യായിരത്തോളം ഇനം പുഷ്പങ്ങളാണ് ദൃശ്യവിസ്മയം ഒരുക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കൾ കാണാൻ മാത്രമല്ല, ആവശ്യക്കാർക്ക് വാങ്ങാനുമുള്ള ക്രമീകരണവുമുണ്ട്. സ്വദേശിയും വിദേശിയുമായ ഒട്ടേറെ ഇനങ്ങൾ നിറഞ്ഞതാണ് മേള.
കുരുവികൾ, തത്തകൾ തുടങ്ങി വിവിധയിനം പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഒരു വർഷം കൊണ്ടു കായ്ക്കുന്ന കുള്ളൻ തെങ്ങിൻ തൈകൾ മുതൽ വിവിധയിനം മാവുകൾ, പ്ലാവുകൾ, റംബുട്ടാൻ തൈകൾ തുടങ്ങി വിവിധയിനം തൈകൾ വാങ്ങാനും മേളയിൽ സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള അമ്യൂസ്മെന്റ് പാർക്ക് മേളയുടെ പ്രധാന ആകർഷണമാണ്. അക്യുപ്രഷർ തെറപ്പിക്കുള്ള യന്ത്രങ്ങൾ, ആകർഷകമായ വിവിധയിനം ഫർണിച്ചർ, 20 മുതൽ 1000 രൂപ വരെ വിലവരുന്ന രാജസ്ഥാൻ കോലാപ്പൂരി ചെരുപ്പുകൾ, കുത്താമ്പുള്ളി കൈത്തറികൾ, വൻ വിലക്കിഴിവ് നൽകുന്ന വിവിധയിനം കണ്ണടകൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ കാണാനും വാങ്ങാനും കഴിയുന്ന സ്റ്റാളുകൾ ഒരുങ്ങിക്കഴിഞ്ഞു. മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് വൈവിധ്യവും രുചികരവുമായ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടാണ്.
കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റിയുടെയും കോഴഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും മധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലമ്നൈ അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
പുഷ്പമേളയിൽ ഇന്ന്
∙ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന മാലിന്യ നിർമാർജനം സെമിനാർ: 10.30.
∙ മെഗാ ഡിജെ നൈറ്റ്: 6.30.