ശബരിമല: മകരവിളക്കിനു മുന്നോടിയായുള്ള 2 ദിവസത്തെ ശുദ്ധിക്രിയ തുടങ്ങി

Mail This Article
ശബരിമല ∙ ശരണംവിളികൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള 2 ദിവസത്തെ ശുദ്ധിക്രിയ തുടങ്ങി. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്കുമായി അയ്യപ്പ സ്വാമിയേയും ശ്രീലകവും ഒരുക്കുന്നതിനായിരുന്നു ശുദ്ധിക്രിയ. ദീപാരാധന കഴിഞ്ഞതോടെ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകളാണ് ഇന്നലെ നടന്നത്. ഗണപതിപൂജയോടെ ആയിരുന്നു തുടക്കം.
പ്രാസാദം ശുദ്ധീകരിക്കുന്നതിനായി ദർഭക്കയറും നൂലും കൊണ്ട് ശ്രീകോവിലിനു രക്ഷബന്ധിച്ചു. ദീപ, ധൂപ മുദ്രകൾ കാട്ടി അക്ഷതവും പഞ്ചഗവ്യവും തളിച്ച് ശുദ്ധിവരുത്തി. നീരാജ്ഞനം ഉഴിഞ്ഞാണു ചടങ്ങ് പൂർത്തിയാക്കിയത്. തുടർന്നു രാക്ഷാഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം, വാസ്തു പുണ്യാഹം എന്നിവയും നടത്തി. ഇന്ന് ബിംബശുദ്ധി നടക്കും. ഇതിന്റെ ഭാഗമായി ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്താണ് ബിംബശുദ്ധി വരുത്തുക.
സ്പോട് ബുക്കിങ് 5000 മാത്രമാക്കി കുറച്ചതോടെ പതിനെട്ടാംപടി കയറാനും ദർശനത്തിനും ക്യൂ ഇല്ലായിരുന്നു. പുലർച്ചെ 4 മുതൽ മലകയറി എത്തുന്ന തീർഥാടകർ നേരെ പതിനെട്ടാംപടി കയറി ദർശനം നടത്തുകയാണ്. സോപാനത്തും തിരക്കില്ലായിരുന്നു. അതിനാൽ ശരിയായ ദർശനം കിട്ടി. മകരവിളക്കിന്റെ പ്രധാന ദിവസം സന്നിധാനത്ത് പടികയറാനും ദർശനത്തിനും ക്യൂ ഇല്ലാത്തത് ആദ്യമാണ്. അതേസമയം ദർശനം കഴിഞ്ഞ് 4 ദിവസമായി തീർഥാടകർ ജ്യോതി ദർശനത്തിനായി വനമേഖലയിൽ കാത്തിരിക്കുകയാണ്. മാളികപ്പുറം, പാണ്ടിത്താവളം മേഖലയിൽ അതിന്റെ തിരക്കുണ്ട്.