മകരവിളക്ക് ഉത്സവം: പുരോഗമിച്ച് അവസാനഘട്ട തയാറെടുപ്പുകൾ

Mail This Article
ശബരിമല ∙ മകരജ്യോതി ദർശനത്തിന്റെ പുണ്യം ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണു തീർഥാടകർ. മകരവിളക്കിന്റെ അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയായി. പൂങ്കാവനമാകെ തീർഥാടകർ നിറഞ്ഞു. പതിനെട്ടാംപടി കയറി ദർശനം നടത്തിയ തീർഥാടകർ ഇന്നലെയും മലയിറങ്ങിയില്ല. എല്ലാവരും പാണ്ടിത്താവളം, മാളികപ്പുറം, ഇൻസിനറേറ്റർ, ബിഎസ്എൻഎൽ എതിർവശം, കൊപ്രാക്കളം ഭാഗങ്ങളിൽ പർണശാല കെട്ടി കാത്തിരിക്കുകയാണ്.
കർപ്പൂര ഗന്ധമുള്ള തിരുസന്നിധിയിൽ മാത്രമല്ല മരങ്ങളുടെയും കെട്ടിടങ്ങളുടെയും തടസ്സമില്ലാതെ ജ്യോതി ദർശനം സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം നാലും അഞ്ചും ദിവസം മുൻപേ തീർഥാടകർ തമ്പടിച്ചിട്ടുണ്ട്. ജ്യോതി ദർശനത്തിനായി മലയാളികൾ ഏറെ തമ്പടിച്ചിട്ടുള്ളത് പാണ്ടിത്താവളത്തിലെ ജലസംഭരണി, ഉരക്കുഴി, ബിഎസ്എൻഎൽ എക്സേഞ്ചിന് എതിർവശം എന്നിവിടങ്ങളിലാണ്. മാളികപ്പുറം ക്ഷേത്രത്തിനു പിൻവശം, അന്നദാനമണ്ഡപം, ഇൻസിനറേറ്റർ എന്നിവിടങ്ങളിലും ആയിരങ്ങൾ തമ്പടിച്ചിട്ടുണ്ട്.
മകരവിളക്കിന്റെ മറ്റ് ഒരുക്കങ്ങൾ
കെഎസ്ആർടിസി
∙ ജ്യോതി ദർശനത്തിനു ശേഷം തീർഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി ക്രമീകരിച്ച 800 ബസുകൾ ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. സംസ്ഥാനത്ത് ദീർഘദൂര സർവീസ് നടത്തിവന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടത്തോടെ പിൻവലിച്ചാണ് ബസുകൾ പമ്പയിൽ എത്തിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ട, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പമ്പയിലേക്ക് അയച്ചത്.
പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിന് 350, ദീർഘദൂര യാത്രയ്ക്ക് 450 ബസുകളാണ് ക്രമീകരിച്ചത്. മകരജ്യോതി ദർശനം കഴിഞ്ഞാൽ ഉടൻ പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് പുറപ്പെടും. ഇവ 4 ട്രിപ് പമ്പയിൽ നിന്നു നിലയ്ക്കൽ പോയി തിരിച്ചു ത്രിവേണി എത്തുന്നതോടെ തിരക്കു കുറയുമെന്നാണ് പ്രതീക്ഷ. തിരക്കുണ്ടെങ്കിൽ ദീർഘദൂര സർവീസിനായി എത്തിച്ച ബസുകൾ ഓരോ ട്രിപ് ചെയിൻ അയയ്ക്കും.
പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനും ദീർഘദൂര യാത്രയ്ക്കുമായി കെഎസ്ആർടിസി പമ്പ ഡിപ്പോയിൽ 423 ബസ് ഇപ്പോഴുണ്ട്.377 ബസ് കൂടി എത്തിച്ചു. കോട്ടയം, എരുമേലി, എറണാകുളം, പൊൻകുന്നം, കുമളി ഡിപ്പോകളിലെ ബസുകൾ എരുമേലി കേന്ദ്രീകരിച്ചാണ് പമ്പയ്ക്ക് അയയ്ക്കുന്നത്.
ആശുപത്രി
∙ മകരവിളക്കു ദിവസത്തെ അടിയന്തര സാഹചര്യം നേരിടാൻ 12 ആംബുലൻസ് കൂടി എത്തും. ഇപ്പോൾ 25 ആംബുലൻസ് ഉണ്ട്. അതിനു പുറമേയാണിത്. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ഹിൽ ടോപ്, ഹിൽ ഡൗൺ, ത്രിവേണി, പെട്രോൾ പമ്പ്, ത്രിവേണി പാലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, ആങ്ങമൂഴി എന്നിവിടങ്ങളിൽ ആംബുലൻസ് ലഭ്യമാണ്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ സ്‌പെഷലിസ്‌റ്റ് ഡോക്ടർമാർ, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ പൂർണ സജ്ജമാണ്.
ശുദ്ധജലം
∙മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകർക്ക് ഇത്തവണ ആവശ്യത്തിനു ശുദ്ധജലം കരുതിയിട്ടുണ്ട്. സന്നിധാനത്ത് ദേവസ്വം ബോർഡും പമ്പ മുതൽ ശരംകുത്തി വരെ ജലഅതോറിറ്റിയുമാണു വിതരണം നടത്തുന്നത്. സന്നിധാനത്ത് 2.5 കോടി ലീറ്റർ വെള്ളം സംഭരിച്ചിട്ടുണ്ട്. ഇതിനു പുറമേ ആർഒ പ്ലാന്റുകൾ സ്ഥാപിച്ച് ശുദ്ധീകരിച്ച വെള്ളം 300 ടാപ്പുകളിലൂടെ വിതരണം ചെയ്യുന്നു. 100 കൗണ്ടറുകളിലൂടെ ചുക്കുവെള്ള വിതരണവും നടക്കുന്നു. ജല അതോറിറ്റി പമ്പയിൽ നിന്നു വെള്ളം പമ്പു ചെയ്ത് ശുദ്ധീകരിച്ചാണു ശരംകുത്തി വരെ വിതരണം നടത്തുന്നത്. 13 ദശലക്ഷം ലീറ്റർ വെള്ളമാണ് ഈ വിധത്തിൽ വിതരണം ചെയ്യുന്നത്.
അന്നദാനം
∙ജ്യോതിദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകർക്ക് ഇന്നും നാളെയും പാണ്ടിത്താവളത്തിലും സമീപത്തെ വ്യൂപോയന്റിലും ദേവസ്വം ബോർഡ് അന്നദാന വിതരണം നടത്തും. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം തയാറാക്കി വാഹനത്തിൽ എത്തിച്ച് വിതരണം നടത്തും. ഇതിനായി പാണ്ടിത്താവളത്തിൽ 2 താൽക്കാലിക അന്നദാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്.