ശബരീശ സവിധത്തിലേക്ക് തിരുവാഭരണ ഘോഷയാത്ര; തിരുവാഭരണ ഘോഷയാത്ര ദർശിക്കാൻ ജനപ്രവാഹം

Mail This Article
പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ശരണംവിളികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പുറപ്പെട്ടത്. പരമ്പരാഗത പാതയിലൂടെ നാളെ വൈകിട്ട് സന്നിധാനത്തെത്തും.
സ്രാമ്പിക്കൽ കൊട്ടാരത്തിൽ പുലർച്ചെ തന്നെ ചടങ്ങുകൾ തുടങ്ങി. വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമരാജയ്ക്കു വേണ്ടി ഇളമുറത്തമ്പുരാൻ കൈപ്പുഴ പടിഞ്ഞാറേത്തളം മംഗളവിലാസം കൊട്ടാരത്തിൽ അവിട്ടംനാൾ രവിവർമരാജ, രാജപ്രതിനിധിയെയും തിരുവാഭരണപേടക, പല്ലക്ക് വാഹകരെയും സംഘാംഗങ്ങളെയും ഭസ്മം നൽകി അനുഗ്രഹിച്ചു. തുടർന്ന് ഇളമുറത്തമ്പുരാനും രാജപ്രതിനിധി രാജരാജവർമയ്ക്കും ക്ഷേത്രത്തിലേക്കു സ്വീകരണം. ക്ഷേത്രത്തിലെ ചടങ്ങുകൾ 12ന് ആരംഭിച്ചു. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ പോറ്റി പൂജിച്ച ഉടവാൾ ഇളമുറത്തമ്പുരാനു നൽകി. അദ്ദേഹം ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാൾ കൈമാറി അനുഗ്രഹിച്ചു. 12.50ന് തിരുവാഭരണങ്ങൾ പെട്ടികളിലാക്കി. മേൽശാന്തി നീരാജനമുഴിഞ്ഞു. രാജപ്രതിനിധിയും പരിവാരങ്ങളും പുറത്തെത്തി ക്ഷേത്രത്തിന് വലംവെച്ചു രാജരാജശേഖര മണ്ഡപത്തിനു മുൻപിൽ ഒരുക്കിയിരുന്ന പല്ലക്കിൽ യാത്ര തുടങ്ങി.
കിഴക്കേനടയിൽ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള തിരുവാഭരണ പേടകം ശിരസ്സിലേറ്റി. ശരണംവിളികൾ ഉയരവെ ഘോഷയാത്ര സന്നിധാനം ലക്ഷ്യമാക്കി പുറപ്പെട്ടു. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര തുടരും. നാളെ അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ ശബരിമലയിലെത്തും. തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം പല്ലക്കിൽ യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലെ രാജമണ്ഡപത്തിലെത്തി ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കും.
മൂന്നാം ദിവസം മലകയറുന്ന അദ്ദേഹം ശബരിമലയിലെ കളഭവും മാളികപ്പുറത്തെ കുരുതിയും കഴിഞ്ഞ് ശബരിമല നടയടച്ച ശേഷം തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും. അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സായുധസേനയും ബോംബ് സ്ക്വാഡും ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുന്നുണ്ട്.

തിരുവാഭരണ ഘോഷയാത്ര ദർശിക്കാൻ ജനപ്രവാഹം
പന്തളം ∙ ശരണമന്ത്രങ്ങൾ മാറ്റൊലി തീർത്തു. വീഥികളിൽ കർപ്പൂര നാളങ്ങൾ തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പുണ്യമുഹൂർത്തത്തിന് സാക്ഷികളാവാൻ പാതയുടെ ഇരുവഴികളിലും പ്രായഭേദമില്ലാതെ ജനം പ്രവഹിച്ചു. ധനുമാസ വെയിലിനെ ആതിര നിലാവെന്ന പോലെ ഏറ്റുവാങ്ങി ഭക്തമനസുകൾ. എവിടെയും ഇടവേളയില്ലാതെ മുഴങ്ങി അയ്യപ്പകീർത്തനങ്ങൾ. വഴിത്താരകളിൽ നിലവിളക്കുകൾ പൊൻപ്രഭ തൂകി. തിരുവാഭരണ പെട്ടികളിൽ തൊട്ട് തൊഴാനായി കൈകളും മനസ്സും തുടിച്ചു. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തിരുവാഭരണ യാത്ര ഒന്നരയോടെ കുളനട ദേവി ക്ഷേത്രത്തിലെത്തി. ക്ഷേത്രാങ്കണം നിറഞ്ഞായിരുന്നു ഭക്തരുടെ വൻനിര. പെൺകുട്ടികളുടെ സംഘം ഗാനാർച്ചന നയിച്ചു.
മുത്തുക്കുടകളും കുരുത്തോല തോരണവും തിരുവാഭരണ വീഥിക്ക് ഉത്സവാന്തരീഷം പകർന്നു. പുഷ്പവൃഷ്ടിയോടെയാണ് എങ്ങും ഘോഷയാത്രയെ എതിരേറ്റത്. ഉള്ളന്നൂർ ഭദ്രാദേവി ക്ഷേത്രത്തിൽ 2.45ന് തിരുവാഭരണയാത്ര എത്തി. ക്ഷേത്രത്തിനെ വലംവച്ചു തിരുവാഭരണ വാഹക സംഘം. വാദ്യമേളങ്ങളോടെയായിരുന്നു സ്വീകരണ ഒരുക്കങ്ങൾ. എങ്ങും അയ്യപ്പ സ്തുതികൾ അലയടിച്ചു. കുറിയാനപ്പള്ളി ദേവി ക്ഷേത്രത്തിൽ എത്തിയ ശേഷം അഞ്ചോടെ കിടങ്ങന്നൂർ ജംക്‌ഷനിൽ എത്തി. ഇവിടെയും വൻ ജനക്കൂട്ടം കാത്തു നിന്നിരുന്നു. കൈ നിറയെ പൂക്കളുമായായിരുന്നു ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം. കിഴക്കേ നടയ്ക്ക് മുന്നിലൂടെ എത്തിയ ഘോഷയാത്രയെ പുഷ്പവൃഷ്ടിയോടെ വരവേറ്റു. ഇവിടെ നിന്നുയാത്ര കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പ ക്ഷേത്രത്തിലേക്ക്. രാത്രി 8 മണിയോടെ ക്ഷേത്രത്തിലെത്തി. അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലാണ് സംഘത്തിന്റെ ആദ്യദിന വിശ്രമം.