മകരജ്യോതി പ്രഭയിൽ പഞ്ഞിപ്പാറമല ക്ഷേത്രം...;ശരണം വിളികളാൽ ഭക്തിസാന്ദ്രം

Mail This Article
സീതത്തോട്∙ മലമടക്കുകൾക്കകലെ മകരജ്യോതി തെളിഞ്ഞതോടെ പഞ്ഞിപ്പാറ മല ക്ഷേത്രവും പരിസരവും ശരണം വിളികളാൽ ഭക്തിസാന്ദ്രമായി. മണിക്കൂറുകൾ കാത്തിരുന്നു ലഭിച്ച പുണ്യദർശനം തൊഴുകൈകളോടെ കൺകുളിർക്കെ കണ്ട് നൂറു കണക്കിനു അയ്യപ്പ ഭക്തർ പഞ്ഞിപ്പാറ മലയിറങ്ങി.രാവിലെ മുതൽ ആങ്ങമൂഴി ഇടത്താവളത്തിൽ നിന്നു പഞ്ഞിപ്പാറ മലയിലേക്കു തീർഥാടകരെത്തി. വൈകുന്നേരത്തോടെ ക്ഷേത്രത്തിനോടു ചേർന്ന സ്ഥലം തീർഥാടകരാൽ നിറഞ്ഞു. അയ്യപ്പ ഗാനങ്ങൾ ആലപിച്ചും കർപ്പൂരങ്ങൾ തെളിച്ചും കാത്തിരുന്ന തീർഥാടകർ മകരജ്യോതി കണ്ടതോടെ സർവതും മറന്ന് അയ്യനെ സ്തുതിക്കുന്ന കാഴ്ചകളായിരുന്നു എവിടെയും.

തീർഥാടകരെ വരവേൽക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചെയ്തിരുന്നത്. പഞ്ചായത്ത്,ആരോഗ്യം, പൊലീസ്, വനം, അഗ്നിരക്ഷാ സേന, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥരെത്തി വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു. പഞ്ഞിപ്പാറ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ അന്നദാനവും ഒരുക്കിയിരുന്നു.പ്ലാപ്പള്ളിയിൽ തമ്പടിച്ചിരുന്ന ഭക്തർ ടാക്സി വാഹനങ്ങളിൽ ആങ്ങമൂഴിയിൽ എത്തിയാണ് മലനടയിലേക്കു വന്നത്.

മകരജ്യോതി ദർശനത്തിനു എത്തുന്ന ഭക്തരിൽ ഏറെയും അന്യ സംസ്ഥാനക്കാരാണ്. തുടർച്ചയായി പഞ്ഞിപ്പാറയിൽ എത്തുന്നവരാണ് ഇവരിൽ ഏറെയും.ഒട്ടേറെപ്പേർ ഗുരുനാഥൻമണ്ണ് മകരജ്യോതി പാറയിലും കക്കിയിലും എത്തി മകരജ്യോതി ദർശിച്ചു. മൂഴിയാർ, കക്കി, ഗവി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ കക്കിയിൽ നിന്നാണു മകരജ്യോതി കാണുന്നത്. മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും പഞ്ചായത്തിലെ മറ്റ് ഉയർന്ന സ്ഥലങ്ങളിൽ നിന്ന് മകരജ്യോതി ദർശിച്ചവരുമുണ്ട്.