ശരണവഴികളെ ഭക്തിസാന്ദ്രമാക്കി തിരുവാഭരണ ഘോഷയാത്ര

Mail This Article
ശബരിമല∙ ശരണവഴികളെ ഭക്തിസാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവന്നത്. തിങ്ങിനിറഞ്ഞുനിന്ന തീർഥാടകർ ശരണാർച്ചനയോടെ ഘോഷയാത്രയെ വരവേറ്റു.ളാഹ ഫോറസ്റ്റ് സത്രത്തിൽ നിന്നു രാത്രി 2ന് ഘോഷയാത്ര പുറപ്പെട്ടു. വാഹനത്തിൽ വെളിച്ചം ക്രമീകരിച്ചായിരുന്നു പൂങ്കാവനത്തിലൂടെ നടന്നു നീങ്ങിയത്. എപ്പോഴും കാട്ടാന ഇറങ്ങുന്ന വഴിയായതിനാൽ ഏറ്റവും മുൻപിൽ നിരീക്ഷണം നടത്തി വനപാലകർ നീങ്ങി. 5 മണിയായപ്പോഴേക്കും പ്ലാപ്പള്ളി തലപ്പാറ കോട്ടയിലെത്തി. കോട്ടയുടെ മുഖ്യകർമി ഓമനക്കുട്ടൻ കൊച്ചുവേലൻ രാജകീയ ചിഹ്നങ്ങൾ അണിഞ്ഞു ശംഖുനാദം മുഴക്കി മലദൈവങ്ങളെ ഉണർത്തി. തിരുവാഭരണം തലപ്പാറ കോട്ടയിൽ ഇറക്കിവച്ച ശേഷം പെട്ടിയിൽ കർപ്പൂരം ഉഴിഞ്ഞു പൂജിച്ചു. വനപാലകരും തീർഥാടകരും ഉൾപ്പെടെ വലിയ ജനാവലിയാണ് തിരുവാഭരണം വരുന്നതു കാണാൻ കാത്തുനിന്നത്.
മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥരും നാറാണംതോട്, തുലാപ്പള്ളി നിവാസികളും ചേർന്ന് ഇലവുങ്കലിൽ ആഘോഷമായ വരവേൽപാണ് ഒരുക്കിയത്. അപ്പോഴേക്കും നേരം വെളുത്തു. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി അട്ടത്തോട് ആദിവാസി സങ്കേതത്തിൽ എത്തി. അവിടെ തിരുവാഭരണം ഇറക്കിവച്ചു. പിന്നെ മലയിറങ്ങി വലിയാനവട്ടത്തേക്കു നീങ്ങി. പമ്പാനദി കടന്നു മറുകരയിലുള്ള വലിയാനവട്ടത്തേക്ക് തിരുവാഭരണ ഘോഷയാത്രയ്ക്ക് എത്താൻ വനം വകുപ്പ് താൽക്കാലിക പാലം ഒരുക്കിയിരുന്നു. ഏട്ടപ്പെട്ടിയും ഒളിയമ്പുഴയും കടന്ന് തിരുവാഭരണം വലിയാനവട്ടത്ത് എത്തിയപ്പോൾ ആയിരക്കണക്കിനു തീർഥാടകരാണ് കാത്തുനിന്നത്.
തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു പല്ലക്കിലേറി എത്തിയ രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ നേരെ പമ്പയിലേക്ക് പോയി. തിരുവാഭരണം ചെറിയാനവട്ടത്തു നിന്നു മലകയറി സന്നിധാനത്തേക്കും. കടകൾക്കു മുൻപിൽ നിലവിളക്കും കർപ്പൂര ദീപങ്ങളും കൊളുത്തി കച്ചവടക്കാരും അതിൽ അലിഞ്ഞു ചേർന്നു.
ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് രാജകീയ സ്വീകരണമാണ് ദേവസ്വം ബോർഡ് ഒരുക്കിയത്. ശ്രീകോവിലിൽ പൂജിച്ചു നൽകിയ പൂമാല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു വി.നാഥ്, സോപാനം സ്പെഷൽ ഓഫിസർ വി.ജയകുമാർ എന്നിവർ ചേർന്നു തിരുവാഭരണപ്പെട്ടിയിൽ അണിയിച്ചു. തീവെട്ടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ നിന്നു സന്നിധാനത്തേക്ക് ആനയിച്ചത്. വലിയ നടപ്പന്തലിൽ എത്തിയതോടെ കതിന വെടികൾ മുഴങ്ങി.തിരുവാഭരണം അടങ്ങിയ പ്രധാന പേടകം മാത്രമാണ് പതിനെട്ടാംപടി കയറിയത്.
കൊടിപ്പെട്ടി, കലശപ്പെട്ടി എന്നിവ നേരെ മാളികപ്പുറത്തേക്കു പോയി. പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, എഡിജിപി എസ്.ശ്രീജിത്ത്, സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ വി.അജിത്ത്, സ്പെഷൽ കമ്മിഷണർ ജയകൃഷ്ണൻ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ് എന്നിവർ ചേർന്നു സ്വീകരിച്ചു. സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്കായി നട തുറന്നപ്പോൾ ശബരീശന് ആരതിയായി എങ്ങും കർപ്പൂര ദീപങ്ങൾ തെളിഞ്ഞു.
എന്നും മനസ്സിൽ സൂക്ഷിക്കാൻ അയ്യപ്പ സ്വാമിയുടെ ദിവ്യരൂപവുമായാണു തീർഥാടകർ മലയിറങ്ങിയത്.മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് മന്ത്രി ശേഖർ ബാബു, വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ പ്രമോദ് നാരായൺ, രാഹുൽ മാങ്കൂട്ടത്തിൽ, കെ.യു.ജനീഷ് കുമാർ,, എഡിജിപിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവരും തിരുവാഭരണം ചാർത്തി ദീപാരാധന തൊഴുതു.