സുഗതോത്സവം 19 മുതൽ 22 വരെ

Mail This Article
പത്തനംതിട്ട ∙ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് 19 മുതൽ 22 വരെ സുഗതോത്സവം നടത്തും. ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടത്തുന്ന വിവിധ പരിപാടികളിൽ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സുഗതകുമാരിയുടെ 91–ാം ജന്മവാർഷിക ദിനമായ 22ന് 3ന് നടത്തുന്ന നവതി സമാപനസമ്മേളനം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
സുഗത നവതി പുരസ്കാരം പ്രകൃതി സംരക്ഷകനായ ശ്രീമൻ നാരായണന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് സമ്മാനിക്കും. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. സുഗതകുമാരിയുടെ കവിതകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും പാരിസ്ഥിതിക സാമൂഹിക വിഷയങ്ങളിലെ നിലപാടുകൾ വ്യക്തമാക്കുന്നതിനും 19ന് 10ന് സുഗത പരിചയം ശിൽപശാല നടത്തും. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ ഉദ്ഘാടനം ചെയ്യും. 11ന് കവിതാലാപന മത്സരവും പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരവും ഉൾപ്പെട്ട വിദ്യാസുഗതം.

സുഗതവനം
പ്രകൃതിയെ കവിതകളിൽ അലിയിച്ച കവയിത്രിയുടെ ഓർമയ്ക്കായി വിജയാനന്ദ വിദ്യാപീഠത്തിന് സമീപം പരിപാലിക്കപ്പെടുന്ന സുഗതവനവും ശ്രദ്ധേയമാണ്. ഒന്നര ഏക്കർ പ്രദേശത്താണ് വനം രൂപപ്പെടുത്തിയത്. 20ന് 10ന് സുഗതകുമാരിയുടെ കവിതകൾ ആലപിച്ചും കഥകൾ പറഞ്ഞും കുട്ടികൾ ഈ വഴി വനയാത്ര നടത്തും. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ യാത്രയിൽ പങ്കുചേരും. 21ന് രാവിലെ 9.30ന് സുഗത ജീവിത ദർശൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.
സുഗതകുമാരി നേതൃത്വം നൽകിയ ആറന്മുള വിമാനത്താവള വിരുദ്ധസമരത്തിന്റെ പ്രധാന മുഹൂർത്തങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനവും കവിതകളെ അടിസ്ഥാനമാക്കി കൃഷ്ണപ്രിയയുടെ ചിത്രപ്രദർശനവും നടത്തും. 10ന് ദേശീയ പൈതൃക പരിസ്ഥിതി ശിൽപശാല. പമ്പാ നദിയും പള്ളിയോടവും ആറന്മുള കണ്ണാടിയും പടയണിയും പ്രതിപാദിക്കുന്ന ചർച്ചയ്ക്ക് ഡോ.ബി.വേണുഗോപാൽ നേതൃത്വം നൽകും. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.
ആർക്കിടെക്ട് ജി.ശങ്കർ അധ്യക്ഷത വഹിക്കും. 22ന് 10ന് സുഗതകാവ്യ മഞ്ജരി കവി പ്രഫ. വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. 11.30ന് സംഗീതാഞ്‍ജലി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കും. 1ന് വിഡിയോ പ്രദർശനം സുഗതം വിശ്വമയം. എക്കോ ഫെസ്റ്റ് 21ന് 9ന് തുടങ്ങും. പ്രകൃതി സൗഹൃദങ്ങളായ മൂല്യാധിഷ്ഠിത വസ്തുക്കൾ, കരകൗശല ശിൽപങ്ങൾ തുടങ്ങിയവയുടെ പ്രദർശനവുമുണ്ട്. പള്ളിയോട പ്രദർശനശാലയും ഒരുക്കുമെന്ന് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ, സ്വാഗതസംഘം ചെയർമാൻ പി.ഐ.ഷെരീഫ് മുഹമ്മദ്, ഡോ.എം.എ.കബീർ, പി.ആർ.ഷാജി, ആർ.മനോജ് കുമാർ എന്നിവർ പറഞ്ഞു.