തിരുവാഭരണ മടക്ക ഘോഷയാത്രയ്ക്ക് ആവേശകരമായ സ്വീകരണം

Mail This Article
കോഴഞ്ചേരി ∙ തിരുവാഭരണ മടക്ക ഘോഷയാത്രയ്ക്ക് പാതയിലുടനീളം ഭക്തരുടെ ആവേശകരമായ സ്വീകരണം. പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ആരംഭിച്ച് പരമ്പരാഗത തിരുവാഭരണ പാത വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, ചെറുകോൽ സുബ്രഹ്മണ്യ ക്ഷേത്രം വഴി 11മണിയോടെ കോഴഞ്ചേരി എൻഎസ്എസ് കരയോഗം വക പാമ്പാടിമൺ അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭാരവാഹികളായ കെ.ജി.ദേവരാജൻ നായർ, മഹേഷ് നെടിയത്ത്, ഷാജി ആർ.നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഇവിടെ നിന്നും 4 മണിയോടെ പുനരാരംഭിച്ച യാത്ര പുന്നംതോട്ടം, മൂർത്തിട്ട ഗണപതി ക്ഷേത്രം വഴി ആറന്മുള കിഴക്കേ നടയിലെ മങ്ങാട്ട് കൊട്ടാരത്തിൽ എത്തിച്ചേർന്നു. ഉദയവർമ, രാജരാജവർമ, ശ്രീരംഗ വർമ, വിഷ്ണു വർമ, അർജുൻ വർമ, ശ്രീദേവി വർമ, സുധവർമ, ശ്രീലത വർമ എന്നിവരുടെ നേതൃത്വത്തിൽ മങ്ങാട്ട് കൊട്ടാരത്തിലെ അംഗങ്ങൾ ആചാരപരമായി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു.
കൊട്ടാരത്തിനുള്ളിലേക്ക് ആനയിച്ച സംഘം പേടകങ്ങൾ അവിടെ വയ്ക്കുകയും തുടർന്ന് 6.30 മുതൽ തിരുവാഭരണ പേടകം തുറന്ന് ഭക്തജനങ്ങൾക്ക് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. രാത്രി ഭക്ഷണത്തിനു ശേഷം അവിടെ താമസിച്ച തിരുവാഭരണ വാഹകസംഘം ഇന്ന് പുലർച്ചെ 4മണിയോടെ കൊട്ടാരത്തിൽ നിന്നു പുറപ്പെട്ട് കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴി പന്തളം കൊട്ടാരത്തിലെത്തും. ഉള്ളന്നൂരിലും കുളനട ഭഗവതി ക്ഷേത്രത്തിലും ഘോഷയാത്രയെ സ്വീകരിക്കും.
ഘോഷയാത്ര ഇന്ന് പന്തളത്ത് മടങ്ങിയെത്തും; ഇനി ദർശനം ഫെബ്രുവരി 15ന് കുംഭമാസത്തിലെ ഉത്രം നാളിലും വിഷുദിനത്തിലും
പന്തളം ∙ മകരവിളക്കുത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനായി ആഘോഷപൂർവം കൊണ്ടുപോയ തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴോടെ പന്തളം കൊട്ടാരത്തിൽ മടങ്ങിയെത്തും. കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ, അയ്യപ്പസേവാസംഘം തുടങ്ങിയവയും പാതയോരങ്ങളിൽ വിവിധ സംഘടനകളും സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ തിരുവാഭരണ ദർശനമുണ്ടായിരുന്നു. ഇന്ന് പുലർച്ചെ 4ന് ഇവിടെനിന്നു യാത്ര തുടങ്ങും.
കിടങ്ങന്നൂർ, കുളനട ദേവീക്ഷേത്രം, പന്തളം വലിയപാലം വഴിയാണ് പന്തളത്തേക്കുള്ള യാത്ര. തിരുവാഭരണ പെട്ടികൾ ദേവസ്വം ബോർഡ് അധികൃതരിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങും. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റും. മകരവിളക്ക് ഉത്സവത്തിനായി തിരുവാഭരണങ്ങളുമായി 12ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടത്. ഫെബ്രുവരി 15ന് അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം നാളിലും ഏപ്രിൽ 14ന് വിഷുദിനത്തിലുമാണ് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇനി തിരുവാഭരണ ദർശനമുള്ളത്.